കൊച്ചി: ഹൈസ്‌കൂൾ തലത്തിൽ പീരിയഡുകളുടെ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക നിർണയിക്കുമ്പോൾ അധികം വരുന്നവരെ യു.പി സ്കൂളിലേക്കടക്കം പുനർവിന്യസിക്കുന്ന നടപടി താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കോടതിയുടെ ഉത്തരവില്ലാതെ പുനർവിന്യാസം പാടില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാൻ ഇടക്കാല ഉത്തരവു നൽകി.
തസ്തികനഷ്ടം വരുന്ന അദ്ധ്യാപകരെ വിവേചനരഹിതമായി പുനർവിന്യസിക്കുകയാണെന്നാരോപിച്ച് ഇംഗ്ലീഷ് ടീച്ചേഴ്‌സ് ഫോറവും ചേറൂർ സ്‌കൂൾ പി.ടി.എ പ്രസിഡന്റും നൽകിയ ഹർജികളിലാണ് ഉത്തരവ്. സർക്കാരടക്കം എതിർകക്ഷികൾക്ക് നോട്ടീസയച്ച കോടതി മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു. ഹർജി നവംബർ 11ന് പരിഗണിക്കാൻ മാറ്റി.
ഭാഷാവിഷയമാണെങ്കിലും ഇംഗ്ലീഷിനെ കോർ സബ്ജക്ടായി പരിഗണിച്ചാണ് ഇതുവരെ തസ്തിക നിർണയം നടത്തിയിരുന്നത്. പീരിയഡുകളുടെ അടിസ്ഥാനത്തിലാക്കുമ്പോൾ 200ലധികം തസ്തികകൾ സംസ്ഥാനത്ത് നഷ്ടം വരും. പുനർവിന്യസിക്കുമ്പോൾ മാതൃസ്‌കൂളിന്റെ പ്രവർത്തനം താളം തെറ്റും. 30ൽ താഴെ ഡിവിഷനുള്ള സ്‌കൂളുകളിൽ, ഇംഗ്ലീഷ് പ്രധാന വിഷയമായി പഠിച്ച അദ്ധ്യാപകർ ഇല്ലെന്ന അവസ്ഥവരുമെന്നും ഹർജിയിൽ പറയുന്നു.
കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കാർ വിഷയം പഠിക്കാൻ കമ്മിറ്റിയെ വച്ചിരുന്നു. എന്നാൽ ഐ.ടി പീരിയഡുകൾ പരിഗണിക്കാതെയാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. കോടതിയലക്ഷ്യം ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാട്ടിയപ്പോൾ ഡിവിഷന് തുല്യമായ അനുപാതത്തിൽ കോർ സബ്ജക്ട് അദ്ധ്യാപകർ വേണമെന്ന നിബന്ധനയും പരിഗണിച്ചില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |