തിരുവനന്തപുരം/കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ഗീത.എ തയ്യാറാക്കിയ വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും. സംഭവത്തിലെ പ്രതിയായ പി.പി.ദിവ്യയുടെ മൊഴി എടുക്കാതെയുള്ള റിപ്പോർട്ടാവും റവന്യു മന്ത്രിക്ക് നൽകുക.
വകുപ്പുതല മൊഴിയെടുക്കൽ പൂർത്തിയാക്കി തലസ്ഥാനത്ത് തിരിച്ചെത്തിയ ഗീത ഇന്നലെ റിപ്പോർട്ട് പൂർത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളതെന്ന് അറിയുന്നു. ഇന്ന് മന്ത്രിസഭായോഗം നടക്കുന്നതിനാൽ അതിനു മുമ്പായി റിപ്പോർട്ട് നൽകണമെന്നാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറോട് റവന്യു മന്ത്രി നിർദ്ദേശിച്ചിരുന്നത്. റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു പോകുമോ എന്ന കാര്യം വ്യക്തമല്ല. നവീൻ ബാബുവിനെ കഴിഞ്ഞ ദിവസവും മന്ത്രി കെ. രാജൻ ന്യായീകരിച്ചിരുന്നു. നവീൻബാബു മികച്ച ഉദ്യോഗസ്ഥനാണെന്ന നിലപാടാണ് മന്ത്രി ആവർത്തിച്ചത്. എന്നാൽ, നവീൻ ബാബുവിനു കൈക്കൂലി നൽകിയെന്നാണ് പെട്രോൾ പമ്പിനുവേണ്ടി അപേക്ഷ നൽകിയ പ്രശാന്തൻ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്കു നൽകിയ മൊഴി. കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ സംബന്ധിച്ചും നിർണായകമാണ് റിപ്പോർട്ട്.
ആരെയും സംരക്ഷിക്കില്ല: മന്ത്രി രാജൻ
വാർത്തകളുടെ അടിസ്ഥാനത്തിൽ തീരുമാനത്തിലേക്ക് എത്താൻ കഴിയില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. ആരെയും സംരക്ഷിക്കുന്ന ഇടപെടൽ ഉണ്ടാകില്ല. സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രശാന്തനെതിരെ
വീണ്ടും തെളിവ്
നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നതിന് കൂടുതൽ തെളിവ്.
പെട്രോൾ പമ്പിനായുള്ള അപേക്ഷയിലെ പ്രശാന്തന്റെ ഒപ്പും കൈക്കൂലി പരാതിയിലെ ഒപ്പും വ്യത്യസ്തം. അപേക്ഷയിലെ ഒപ്പും ഭൂമി സംബന്ധിച്ച് കരാറിലെ ഒപ്പും സമാനമാണ്. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.അപേക്ഷയിലും പാട്ടക്കരാറിലും ടി.വി.പ്രശാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്.കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതിയിൽ പക്ഷേ പ്രശാന്തൻ ടി.വി എന്നുമാണ്. കണ്ണൂർ ഭാഗത്ത് പ്രശാന്ത് എന്ന പേര് പ്രാദേശികമായി പ്രശാന്തൻ എന്ന രീതിയിൽ പരിചയക്കാർ ഉച്ചരിക്കാറുണ്ട്. ധൃതിയിൽ മറ്റാരെങ്കിലും പരാതി തയ്യാറാക്കിയപ്പോൾ സംബന്ധിച്ച അബദ്ധമാണിതെന്നാണ് സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |