പാലക്കാട്: പി വി അൻവർ എംഎൽഎ നടത്തിയ റോഡ് ഷോയിൽ പങ്കെടുക്കാൻ ഏജന്റ് എത്തിച്ചതാണെന്ന് പറഞ്ഞ സ്ത്രീകൾക്ക് ഭീഷണി. അൻവർ അനുകൂലികളാണെന്ന് കരുതുന്നവർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 'വയസായിപ്പോയി, അല്ലെങ്കിൽ ഇതിനുളള പണി ഞങ്ങൾ എടുത്തേനെ' എന്നാണ് ഭീഷണിപ്പെടുത്തുന്ന ആൾ കൊടുവായൂർ സ്വദേശിനിയായ വൃദ്ധയോട് പറയുന്നത്. തങ്ങൾ ജൂനിയർ ആർട്ടിസ്റ്റുകളാണെന്നും തങ്ങൾക്കുവേണ്ടി ഒരു സംഘടന രൂപീകരിക്കുന്ന കാര്യം ചർച്ചചെയ്യുന്നതിനുവേണ്ടി പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള) സ്ഥാനാർത്ഥിയായിരുന്ന മിൻഹാജ് പറഞ്ഞിട്ടാണ് വന്നതെന്നാണ് റോഡ് ഷോയിൽ പങ്കെടുത്ത മറ്റുചില സ്ത്രീകൾ പറയുന്നത്. മിൻഹാജ് സിനിമാ പ്രൊഡ്യൂസറാണെന്നും അവർ പറയുന്നു.
കൂലിക്ക് ആളിനെ എത്തിച്ചെന്ന വിവരം വാർത്താചാനലുകളാണ് പുറത്തുവിട്ടത്. സിനിമാ ഷൂട്ടിംഗിന് പാേകുന്നവരാണ് തങ്ങളെന്നും ഏജന്റാണ് പ്രകടനത്തിന് വരാൻ വിളിച്ചതെന്നും റോഡ് ഷോയിൽ പങ്കെടുത്ത ചില സ്ത്രീകൾ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീകൾ ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് റോഡ് ഷോയിൽ അണിനിരന്നത്. ഇതിൽ പലർക്കും അൻവർ ആരെന്ന് അറിയില്ലെന്നതാണ് സത്യം.
'കൊടുവായൂരിൽ നിന്നാണ് വരുന്നത്. വേറെ ഷൂട്ടിംഗിനൊക്കെ ഞങ്ങൾ പോകും. ഞങ്ങൾ എറണാകുളത്തൊക്കെ പോയിട്ടുണ്ട്. ഗുരുവായൂർ അമ്പലനടയുടെ ഷൂട്ടിംഗിന് പോയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റ് അല്ല. നമ്മള് വേറെ ഏജന്റ് വിളിച്ചിട്ടുവന്നതാ. നസീമ എന്നുപറയുന്ന ഏജന്റാണ് വിളിച്ചത്. നങ്ങള് പതിനഞ്ചുപേർ വന്നിട്ടുണ്ട്. എത്രരൂപ തരുമെന്ന് പറഞ്ഞിട്ടില്ല. അത് തരുമ്പഴേ അറിയുളളൂ. ഞങ്ങൾ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ടുമണിക്കാണ് എത്തിയത്. ഒപ്പമുള്ളവരാണ് പിന്നാലെയുള്ളത്'- ശക്തിപ്രകടനത്തിനെത്തിയ ഒരു സ്ത്രീ പറയുന്നു. സിനിമാ ഷൂട്ടിംഗിന് പോകുമ്പോൾ ഒരുദിവസം 500 മുതൽ 600 രൂപവരെ ലഭിക്കുമെന്നാണ് പ്രകടനത്തിനെത്തിയ മറ്റൊരു സ്ത്രീ പറയുന്നത്. ഇവർ പറയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പരിഹാസം ശക്തമായതോടെ മറുപടിയുമായി പിവി അൻവർ രംഗത്തെത്തി. ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള) റാലിയിൽ സിപിഎം ചിലരെ തിരുകിക്കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറയുന്നത്. ഇതിനുപിന്നിൽ സിപിഎം ആണ്. ഒരാളെയും പണം കൊടുത്ത് എത്തിച്ചിട്ടില്ല'- അൻവർ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |