കോഴിക്കോട്: മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദി മുസ്ലീം സമുദായമല്ലെന്ന് കഴിഞ്ഞ ദിവസം വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മുസ്ലീംലീഗ് ജില്ലയുടെ പേരിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ അസത്യം പ്രചരിപ്പിക്കുകയാണെന്ന് ഇന്നലെ കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്കായി ലീഗ് വർഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടുന്നതായും അദ്ദേഹം ആരോപിച്ചു.
കുറ്റകൃത്യങ്ങളിൽ മുന്നിൽ മലപ്പുറം ജില്ലയാണെന്ന് സർക്കാരോ പാർട്ടിയോ പറഞ്ഞിട്ടില്ല. 2023ലെ കണക്കിൽ മലപ്പുറത്തെ കേസുകൾ 42,676 ആണ്. തിരുവനന്തപുരത്തും എറണാകുളത്തും ലക്ഷത്തിന് മേലെയാണ്. എന്നിട്ടും മലപ്പുറത്തെ ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ ലീഗ് എന്തിനാണ് ഇത്തരം അസത്യങ്ങൾ പ്രചരിപ്പിക്കുന്നത്. ക്രിമിനൽ കേസുകളിലെ പ്രതികൾക്കെതിരെ നടപടിയെടുക്കുമ്പോൾ ജില്ലയും ജാതിയും മതവുമൊന്നും മുന്നിലില്ല. അങ്ങനെ നോക്കിയാൽ നിയമം നടപ്പാക്കാനാവില്ല. അതറിഞ്ഞിട്ടും കോൺഗ്രസിന്റെ താത്പര്യത്തിന് വഴങ്ങി ഇല്ലാക്കഥ പ്രചരിപ്പിക്കുകയാണ് ലീഗെന്നും മുഖ്യമന്ത്രി പറഞ്ഞു
പി.ജയരാജന്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായി മുഖ്യമന്ത്രി.
ലീഗിന് വർഗ്ഗീയ കൂട്ടുകെട്ട്
വർഗീയ ശക്തികളുമായി കൂട്ടില്ലെന്ന് പറയാൻ ലീഗിനാവില്ല. ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണിൽ കാണാനാവില്ല്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ലീഗിന് ഇന്ത്യയ്ക്ക് പുറത്തു സഖ്യമില്ല. ജമാ അത്തെക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധമുണ്ട്. ജമാ അത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ ദേശീയതയാണ്. ലീഗിന് അങ്ങനെയല്ല. ആർ.എസ്.എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളാണ്. ലീഗ് ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.ജയരാജന്റെ 'കേരളം, മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ലീഗിനെതിരെ ആഞ്ഞടിച്ചത്.
സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി പുസ്തകം ഏറ്റുവാങ്ങി. ഇ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ജലീൽ പുസ്തകം പരിചയപ്പെടുത്തി
പൂരം കലങ്ങിയില്ല
തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആർ.എസ്.എസ് നേതാവിനെ കണ്ടു, അതിന്റെ പേരിൽ പൂരം കലങ്ങിയെന്നാണ് പ്രചാരണം. സത്യം എന്താണ്. പതിവുപോലെ പൂരം നടന്നു. വെടിക്കെട്ട് കുറച്ച് വൈകി. അതിനാണോ പൂരം കലക്കിയെന്ന് പറയുന്നത്. സംഘപരിവാറിന്റെ തോളിൽ കൈയിട്ട് ലീഗ് ഇത്തരം അസത്യപ്രചരണത്തിന് കൂട്ട് നിൽക്കരുത്.
മദനിയെ പരാമർശിക്കാതെ
പി.ജയരാജന്റെ പുസ്തകത്തിൽ മദനിയെ പറ്റിയുള്ള പരാമർശങ്ങളോട് പിണറായി വിജയൻ പ്രതികരിച്ചില്ല. എന്നാൽ രചയിതാവിന് തന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും അത് പാർട്ടിയുടേതല്ലെന്നും പറഞ്ഞു. ഏറെ പഠിച്ച് പുസ്തകം എഴുതിയ പി ജയരാജനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |