തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ നിർമ്മാണസാമഗ്രികൾ വാങ്ങുന്നതിൽ തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ തിരിമറി നടത്തിയത് കേന്ദ്രനിർദ്ദേശം മറച്ചുവച്ച്. സിമന്റും കമ്പിയും അടക്കമുള്ള സാധനങ്ങൾ ബ്ലോക്ക് പഞ്ചായത്തുകൾ ഇ- ടെൻഡറിലൂടെ വാങ്ങി പഞ്ചായത്തുകൾക്ക് നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം. പദ്ധതിത്തുക നൽകുന്നതും കേന്ദ്രമാണ്. കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ തദ്ദേശവകുപ്പിന്റെ പരിശീലന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനെ (കില) ചുമതലപ്പെടുത്തിയിരുന്നു. മാസങ്ങളോളം ചർച്ചകളും വർക്ക്ഷോപ്പുകളും നടത്തി അഭിപ്രായങ്ങൾ വിലയിരുത്തി കില നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഫെബ്രുവരി 27ന് ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് ഒക്ടോബർ 15ന് പിൻവലിച്ചത്.
പഞ്ചായത്ത് തലത്തിൽ നേരിട്ട് നിർമ്മാണസാമഗ്രികൾ വാങ്ങുന്ന പഴയ രീതിയാണ് ഇതോടെ പുനഃസ്ഥാപിതമാകുന്നത്. അഴിമതിക്ക് വഴിതുറക്കാനാണിതെന്നാണ് ആരോപണം. മാത്രമല്ല കേന്ദ്രനിർദ്ദേശം അട്ടിമറിച്ചത് ശ്രദ്ധയിൽപ്പെട്ടാൽ പദ്ധതിത്തുക കിട്ടാതാകാനും അതിടയാക്കും.
പിന്നിൽ വൻകിട ലോബി?
കരാറുകാർ തന്നെ സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ചുമതലയും ഏറ്റെടുക്കുന്നതാണ് പഞ്ചായത്തുകളിലെ പതിവ്. ബ്ലോക്ക് തലത്തിൽ നിർമ്മാണസാമഗ്രികൾ വാങ്ങിയാൽ താഴെത്തലത്തിലെ വെട്ടിപ്പ് നടക്കില്ലെന്ന് മനസിലാക്കിയ ഒരുവിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന ലോബിയാണ് ഉത്തരവ് പിൻവലിച്ചതിന് പിന്നിലെന്ന ആക്ഷേപം ബലപ്പെടുകയാണ്.
വെട്ടിലായത് ബ്ലോക്കുകൾ
1. ഉത്തരവ് പിൻവലിച്ചതോടെ ടെൻഡർ സമർപ്പിച്ച വിതരണക്കാർക്ക് മുന്നിൽ ബ്ളോക്കുകൾക്ക് ഉത്തരംമുട്ടി.
2. 152 ബ്ലോക്കുകളിൽ 91എണ്ണത്തിലും ടെൻഡർ നടപടിയാരംഭിച്ചു.
3. 65 ബ്ലോക്കുകൾ ടെൻഡർ ഓപ്പൺ ചെയ്തു. എട്ടിടത്ത് കരാർ ഒപ്പിട്ടു.
4. വിവിധയിടങ്ങളിൽ സപ്ലൈ ഓർഡർ നൽകി. സാമഗ്രികൾ ഇറക്കിയ വിതരണക്കാരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |