SignIn
Kerala Kaumudi Online
Monday, 23 December 2024 5.49 PM IST

അധികാരത്തിനായി ഏത് വർഗീയതയുമായും കോൺഗ്രസ് സന്ധി ചെയ്യും,​ നിലപാട് ആവർത്തിച്ച് എ വിജയരാഘവൻ

Increase Font Size Decrease Font Size Print Page
vijaya

തിരുവനന്തപുരം: അധികാരം കിട്ടാൻ ഏത് വർഗീയതയുമായും സന്ധി ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം തെളിയിച്ചതായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള വഴിയായാണ് കോൺഗ്രസ് വർഗീയതയെ കാണുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയാഘോഷം തുടങ്ങിയത് എസ്.ഡി.പി.ഐയുടെ വിജയാഘോഷത്തോടെയാണന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിജയരാഘവൻ ആരോപിച്ചു. തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കി. .

എ. വിജയരാഘവന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആനുകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർഎസ്‌എസിന്റെ തീവ്രവർഗീയതയെ മുറിച്ചുകടക്കൽ അതിപ്രധാനമാണ്‌. ഇതിനുള്ള ശ്രമങ്ങളാണ്‌ സിപിഐ എം നടത്തുന്നത്‌. ഒരുപള്ളിയിൽ നിന്ന്‌ തുടങ്ങി മൂന്നിലെത്തി മുപ്പതെണ്ണത്തെക്കുറിച്ച്‌ പറഞ്ഞ്‌ മുപ്പതിനായിരം പള്ളി പൊളിക്കുന്ന അജൻഡയുമായി സംഘപരിവാറിന്‌ മുന്നോട്ടുപോകാൻ കഴിയുന്ന വിധത്തിൽ നാടിനെ ഭിന്നിപ്പിക്കുകയാണ്. ഒരുതരത്തിലുള്ള സാമൂഹ്യമുന്നേറ്റവും ഇന്ത്യയിൽ ഉണ്ടാകുന്നില്ല. ഒരുതരത്തിലുള്ള ചർച്ചയും പാർലമെന്റിൽ നടക്കുന്നില്ല. മൂന്നാമതും അധികാരത്തിലെത്തിയ മോദിസർക്കാരിന്റെ പ്രഥമ പരിഗണന വഖഫ്‌ നിയമം ഭേദഗതിചെയ്യുന്നതിലാണ്‌. മുസ്ലിം വിരുദ്ധതയാണ്‌ ഇതിന്‌ പിന്നിൽ. അടുത്തത്‌ ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പാണ്. ഇതിന്‌ ഭരണഘടന ഭേദഗതിചെയ്യണം. അതിനുള്ള ഭൂരിപക്ഷം പാർലമെന്റിൽ ബിജെപിക്കില്ല. എന്നിട്ടും ആ അജണ്ട ചർച്ച ചെയ്യാനും അത് സജീവമായി നിറുത്താനും ഭരണ വൈകല്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യപ്പെടാതിരിക്കാനുമായി ഇത്തരം വിഷയങ്ങൾക്ക്‌ മുൻഗണന കൊടുക്കുന്നു.

രാജ്യത്തെ വടക്ക്‌-കിഴക്കൻ മേഖല പിടിക്കാനുള്ള ആർഎസ്‌എസിന്റെ മാസ്‌റ്റർ പ്ലാനാണ്‌ മണിപ്പുരിൽ നടക്കുന്ന കലാപം. ആദിവാസികളെവരെ വർഗീയവൽക്കരിക്കുകയാണ്. കേരളത്തിലും വർഗീയ ധ്രുവീകരണം നടത്തുകയാണ്‌. ഈ സാഹചര്യത്തെ മുറിച്ചുകടക്കാൻ വേണ്ട നയവും നിലപാടുകളും എടുത്ത് മുന്നോട്ട് പോകുകയാണ് മതനിരപേക്ഷ കക്ഷികളുടെ അടിയന്തിര കടമ.

പക്ഷേ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യത്യസ്തങ്ങളായ വർഗീയ ധ്രുവീകരണങ്ങളുണ്ടാക്കി

എങ്ങനെ വോട്ടുകൾ നേടാം എന്നാണ് യു ഡി എഫ് ശ്രമിച്ചത്. കോൺഗ്രസ്സ് കേരളത്തിൽ എല്ലാ വർഗീയതയോടും സന്ധിചെയ്ത് പ്രവർത്തിച്ചു. ഇപ്പോൾ വിവിധ വർഗീയതകൾ കേരളത്തിലെ ഓരോ കുടുംബത്തെയും വർഗീയവൽക്കരിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഹിന്ദു വർഗീയത, ഭൂരിപക്ഷ വർഗീയത എന്ന നിലയിൽ ഈ ശ്രമം ദീർഘകാലമായി നടത്തിവരുന്നുണ്ട്. ന്യൂനപക്ഷ വർഗീയതകൂടി ആ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കേരളത്തിന്റെ പുരോഗമന മൂല്യങ്ങളുടെ തിരസ്കാരമാണ് ഉണ്ടാവുക. കേരളത്തിന്റെ ഇടതുപക്ഷ അടിത്തറ തകർത്ത് ഇടതുപക്ഷ മതേതര മുന്നേറ്റങ്ങളെ തടയാനാണ് എല്ലാ പ്രതിലോമ ശക്തികളും ചേർന്ന് ശ്രമിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ പൂർണ പിന്തുണയോടെയാണ് ഇത് നടക്കുന്നത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും ഉപ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണ് നടന്നത്. ഈ സത്യം പറയാതിരിക്കാൻ കഴിയില്ല. ഭൂരിപക്ഷ വർഗീയതയെ ശക്തിയായി എതിർക്കും, അതിനർത്ഥം ന്യൂനപക്ഷ വർഗീയതയെ വിമർശിക്കാൻ പാടില്ല എന്നല്ല. ആ വിമർശനത്തെ അസഹിഷ്ണുതയോടെ കാണുന്നവരോട് നമുക്ക് സഹതപിക്കാനേ സാധിക്കൂ. വർഗീയതയിൽ തമ്പടിച്ച കോൺഗ്രസിന് ഇത് ഒരിക്കലും പറ്റില്ല. ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള വഴിയായാണ്‌ വർഗീയതയെ അവർ കാണുന്നത്‌. രാഹുൽഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത്‌ കോൺഗ്രസും ലീഗും ജമാ-അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടുന്ന ചേരിയുടെ പിന്തുണയിലാണ്‌.

ഇത് നൽകുന്ന രാഷ്ട്രീയ സന്ദേശം എന്താണെന്ന് കോൺഗ്രസ്സ് തിരിച്ചറിഞ്ഞിട്ടുണ്ടോ? ജമാ-അത്തെ ഇസ്‌ലാമിയെയും എസ് ഡി പി ഐയെയും കൂട്ടുപിടിച്ചുള്ള വയനാട്ടിലെ മത്സരം, പ്രതിപക്ഷം തീവ്ര മുസ്ലിം വർഗീയതയ്ക്ക് ഒപ്പമാണ് എന്ന പ്രചരണം നടത്താൻ ബി ജെ പി ക്ക് അവസരമൊരുക്കി. ഇത് രാജ്യമാകെ അവർ പ്രചരണ വിഷയമാക്കി. അതിന് അവർക്ക് അവസരം നൽകിയതിലൂടെ വലിയൊരു തെറ്റാണ് കോൺഗ്രസ്സ് ചെയ്തത്. ന്യൂനപക്ഷവർഗീതയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ചുകൊണ്ട് അവർ കേരളത്തിന്റെ പുരോഗമന അടിത്തറ തകർക്കുകയെന്ന പിന്തിരിപ്പൻ രാഷ്‌ട്രീയത്തിന്‌ നേതൃത്വം നൽകി. സംഘപരിവാറിനെ ഉള്ളിലൂടെ പരിലാളിക്കുന്നത് ഒരുവശത്ത് നടക്കുമ്പോൾത്തന്നെ പ്രകടമായി ഇസ്ലാമിക തീവ്രവർഗീയ വാദികളെയും കൂട്ടുപിടിക്കുന്നു. അധികാരം കിട്ടാൻ ഏത്‌ വർഗീയതയുമായും സന്ധിചെയ്യുമെന്നാണ്‌ കോൺഗ്രസ്‌ നേതൃത്വം തെളിയിക്കുന്നത്‌.

പാലക്കാട് UDF സ്ഥാനാർഥിയുടെ വിജയാഘോഷം തുടങ്ങിയത് SDPI പ്രകടനത്തോടെയാണ്. ഈയിടെ മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും ജമാ-അത്തെ ഇസ്ലാമി ആക്ഷേപിച്ചിട്ടും കോൺഗ്രസ്സ് ഒരക്ഷരം മിണ്ടിയിട്ടില്ല. അതിൽ എന്താണ് കോൺഗ്രസ്സിന്റെ നിലപാട് എന്ന് ഒരു മാധ്യമവും അവരോട് ചോദിച്ചിട്ടുമില്ല. ഈ മാധ്യമ പരിലാളന വച്ചുകൊണ്ടും മാധ്യമങ്ങളെ ഉപയോഗിച്ചും ഇത്തരം ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തുന്നവരെ ആക്ഷേപിക്കുകയാണ് കോൺഗ്രസ്സ്. എത്ര ആക്ഷേപിച്ചാലും കോൺഗ്രസ്സ് നടത്തുന്ന വർഗീയ പ്രീണനനയങ്ങളെ തുറന്നുകാണിക്കുകതന്നെ ചെയ്യും.

മാധ്യമങ്ങളെ പേടിച്ചോ പ്രതിപക്ഷം വിലയ്ക്കെടുത്തിരിക്കുന്ന സോഷ്യൽ മീഡിയ കൂലിസംഘത്തെ പേടിച്ചോ രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കാതിരിക്കും എന്ന് കരുതരുത്. തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യും.

TAGS: A VIJAYARAGHAVAN, CPM, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.