മറ്റൊരു പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് കേരളം. എന്നാൽ ഏതു പ്രളയം വന്നാലും മലയാളികൾ പഠിക്കില്ല എന്ന വിമർശനമുന്നയിച്ചിരിക്കുകയാണ് നടൻ ധർമ്മജൻ ബോൾഗാട്ടി. കഴിഞ്ഞ പ്രളയത്തിൽ തന്റെ വീടും ഒരു നിലയോളം മുങ്ങിയിരുന്നതാണെന്നും, എന്നാൽ തനിക്ക് സംഭവിച്ചതിനേക്കൾ വലിയ നഷ്‌ടങ്ങൾ പല ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച വേളയിൽ പലർക്കും ഉണ്ടായതായി അറിയാൻ കഴിഞ്ഞുവെന്നും ധർമ്മജൻ പറയുന്നു. എന്നാൽ ഏതു പ്രളയം വന്നാലും ആളുകൾ പഠിക്കില്ലെന്നും, ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്‌പരം കലഹിക്കുന്നതാണ് കാണാൻ കഴിയുന്നതെന്ന് താരം പറയുന്നു. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ധർമ്മജൻ മനസു തുറന്നത്.
ധർമ്മജൻ ബോൾഗാട്ടിയുടെ വാക്കുകൾ-
'എന്റെ വീടൊക്കെ പ്രളയം വന്നപ്പോൾ ഒരു നിലയോളം വെള്ളത്തിനടിയിലായിരുന്നു. കാറും, മൊമന്റോകളും പുസ്‌തകങ്ങളുമടക്കം ഒരുപാട് സാധനങ്ങൾ നഷ്‌ടമായിരുന്നു. പക്ഷേ ഒന്നുമില്ലാത്തവരുടെ എല്ലാം പോയ അവസ്ഥയുണ്ട്. വീടുകൾ പോയ ഒരുപാട് പേർ. പ്രളയം കഴിഞ്ഞിട്ടും അതിന്റെ പിറകിൽ തന്നെയായിരുന്നു ഞാൻ. സുഹൃത്തുക്കളുമായി ചേർന്ന് രണ്ട് മൂന്ന് ലോറി സാധനങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കാൻ കഴിഞ്ഞു.
എന്നാൽ പ്രളയമൊക്കെ കഴിഞ്ഞും വീണ്ടും തഥൈവ എന്നു പറയുന്നത് പോലെ, ആളുകളുടെ മനസു മാറി. പിന്നെയും ജാതിയുടെയും മതത്തിന്റെ പേര് പറഞ്ഞ് തമ്മിൽ തല്ലുന്ന കാഴ്‌ചയാണ്. പ്രളയം വന്നപ്പോൾ ഞാൻ വിചാരിച്ചിട്ടുണ്ടായിരുന്നു, നമ്മുടെ വീട്ടിൽ എന്തൊക്കെ ആവശ്യമില്ലാതിരുന്നോ അതൊക്കെയാണ് പോയതെന്ന്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |