
മലയാള സിനിമയിൽ പുതുചരിത്രം രചിക്കാൻ പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു. 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ നിവിൻ പോളി ഒപ്പുവച്ചു. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസ് ആദ്യമായാണ് 100 കോടി രൂപ ബഡ്ജറ്റിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമ്മിക്കുന്നത് . സർവ്വം മായ 100 കോടി ക്ളബ് പിന്നിടുമ്പോഴാണ് നിവിന്റെ പുത്തൻ തിളക്കം,
പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും നിർമ്മാണം. ബോക്സ് ഓഫീസ് വിജയങ്ങൾ നേടി ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രതിഭകൾക്കൊപ്പം നിലകൊള്ളുന്ന നിർമ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അരങ്ങേറ്റ ചിത്രമായ ഓങ്കാര മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ പ്യാർ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, ഷൈതാൻ, എന്നിവയിലൂടെ 50 ലധികം അഭിമാനകരമായ അവാർഡുകൾ ആണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്.നിർമ്മാണം പുരോഗമിക്കുന്ന ദൃശ്യം 3 ആണ് മറ്റൊരു സംരംഭം.
ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരെ ലക്ഷ്യമിട്ട ഈ മൾട്ടി-ഫിലിം ഡീൽ, വ്യത്യസ്ത വിഭാഗത്തിലെ ചിത്രങ്ങൾ ഒരുക്കുകയും, ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ആഖ്യാനങ്ങളെ മുഖ്യധാര സിനിമയുമായി സംയോജിപ്പിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷ.
മലയാള സിനിമയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യയിൽ ദീർഘകാല സൃഷ്ടിപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും ഈ സഹകരണം സഹായിക്കുമെന്ന് നിവിൻ പോളി പറഞ്ഞു. പനോരമ സ്റ്റുഡിയോസുമായുള്ള സഹകരണം നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണെന്നും നിവിൻ വ്യക്തമാക്കി.അതേസമയം ബേബി ഗേൾ ആണ് റിലീസിന് ഒരുങ്ങുന്ന നിവിൻ പോളി ചിത്രം. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |