കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവരിക്കുന്ന 40 സംഭവങ്ങളിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിൽ 26 എണ്ണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിലാണ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ കേസുകളിലാണിത്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത എട്ടു കേസുകളിൽ കുറ്റാരോപിതരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 18 കേസുകളിൽ പ്രതിസ്ഥാനത്തുള്ളവരുടെ പേരുവിവരങ്ങളില്ല. ഇതിനു പുറമേ 10 കേസുകളിൽ പ്രാഥമിക അന്വേഷണം തുടങ്ങി. നേരത്തെ രജിസ്റ്റർ ചെയ്ത മറ്റ് നാലു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.
ഇരകളുടെ മൊഴികളും റിപ്പോർട്ടിലെ അനുബന്ധ വിവരങ്ങളും പരിഗണിച്ചാണ് അന്വേഷണം. പ്രതികളെ തിരിച്ചറിയാത്ത പരാതികളിൽ അവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. തിരിച്ചറിഞ്ഞാലുടൻ ബന്ധപ്പെട്ട കോടതികളിൽ അറിയിക്കും. 10 കേസുകളിലെ പ്രാഥമിക അന്വേഷണം ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിൽ നിഷ്കർഷിക്കുന്നവിധം 14 ദിവസത്തിനകം തീർക്കും. കേസുകളിൽ അന്വേഷണം പൂർത്തിയാക്കാൻ കുറച്ചുദിവസങ്ങൾ കൂടി അനുവദിക്കണമെന്ന് സർക്കാർ ഭാഗം ആവശ്യപ്പെട്ടു.
നിയമനിർമ്മാണവും കോൺക്ലേവും
സിനിമ, ടെലിവിഷൻ മേഖലകളിലെ കരാർ ലംഘനം, ലൈംഗിക പീഡനം, തൊഴിൽ വിവേചനം, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. സമഗ്ര ചലച്ചിത്രനയം രൂപീകരിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നടക്കം വിവരങ്ങൾ തേടുവാൻ ഫിലിം കോൺക്ലേവ് നടത്തും. ഇതിനു മുന്നോടിയായി സംവിധായകൻ ഷാജി എൻ. കരുണിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്തും. തൊഴിലിടത്തിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള 'പോഷ് നിയമം" സംബന്ധിച്ച് ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥർക്ക് അവബോധം നൽകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ഹേമ കമ്മിറ്റിക്ക് സാധുതയില്ലെന്ന്
ഹേമ കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നാരോപിച്ച് കണ്ണൂരിലെ അഭിഭാഷകൻ ആർ.പി. രമേശൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയും പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്കെത്തി. എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി, ഹർജികൾ നവംബർ ഏഴിന് പരിഗണിക്കാൻ മാറ്റി. കമ്മിറ്റി രൂപീകരിച്ച് ആറു വർഷം കഴിഞ്ഞാണല്ലോ പൊതുതാത്പര്യഹർജി എത്തിയിരിക്കുന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |