തൃശൂർ പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം നടന്നതേയുള്ളൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും പ്രഖ്യാപനവും അസ്ഥാനത്തായിപ്പോയി എന്നു പറയാതെ വയ്യ. പൂരത്തിൽ സംഭവിച്ച നിരവധിയായ വീഴ്ചകൾ ആരെങ്കിലും മന:പൂർവം ചെയ്തതാണെന്ന് കരുതുന്നില്ല. പൊലീസ് പ്ളാനിംഗിന്റെ അഭാവം വ്യക്തമായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പൊലീസിന്റെ കർശന ഉപാധികൾ ജനങ്ങൾക്ക് സ്വീകാര്യമായില്ല. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് ഒരു രീതിയിലും സ്വീകാര്യമായിരുന്നില്ല, അവരോടു നിർദേശിച്ച വ്യവസ്ഥകളും.
ആൾക്കൂട്ട നിയന്ത്രണം പ്രധാനപ്പെട്ട കാര്യമാണ്. അതിലും പ്രധാനമാണ് ആൾക്കൂട്ട മാനേജ്മെന്റ്. കയർ കെട്ടിയും ബാരിക്കേഡ് വച്ചും ആൾക്കൂട്ടത്തെ പറഞ്ഞുനിറുത്താം. അത് ശക്തികൊണ്ട് സാധിക്കും. എന്നാൽ ആൾക്കൂട്ട മാനേജ്മെന്റിന് വൈദഗ്ദ്ധ്യം വേണം. പരിശീലനം വേണം. ജനങ്ങളുമായി സ്നേഹപൂർവ്വം സംവദിക്കാനാകണം. കേരള പൊലീസിന്റെ ലക്ഷ്യബോധമില്ലാത്ത നിയന്തണങ്ങൾ മൂലം പൂരം അലങ്കോലപ്പെട്ടുവെന്നതാണ് വാസ്തവം. പൂരം അലങ്കോലപ്പെട്ടതുകൊണ്ട് ആർക്കും ഒരു ലാഭവുമില്ല. അതുകൊണ്ടാണ് ആ പ്രശ്നം രണ്ടുമൂന്നു ദിനംകൊണ്ട് അടങ്ങിയത്.
പിന്നീട് പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നത് പി.വി. അൻവറാണ്. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹാെസബാളയെ കണ്ടത് തൃശൂർ പൂരം കലക്കാനാണെന്നാണ് അൻവറിന്റെ ആരോപണം. അത് തത്പരകക്ഷികളായ വി.ഡി. സതീശൻ, കെ. മുരളീധരൻ തുടങ്ങിയവർ വളരെ വേഗം ഏറ്റെടുത്തു. പൂരം കലങ്ങിയതിന്റെ ഗുണഭോക്താവ് സുരേഷ് ഗോപിയാണെന്നും ആ വഴിക്കാണ് അദ്ദേഹം തൃശൂരിൽ ജയിച്ചതെന്നും താത്കാലിക വികാരം മാത്രമാണ് വിജയത്തിനു പിന്നിലെന്നും ആരോപണമുയർന്നു.
സ്വന്തം പോസ്റ്റിൽ
ഗോളടിക്കുന്നവർ
ഇങ്ങനെയൊക്കെ ആരോപിക്കുന്നതിലൂടെ സുനിൽകുമാറും സതീശനും മുരളീധരനും സ്വന്തം പോസ്റ്റിൽ ഗോളടിക്കുകയായിരുന്നു എന്നുവേണം കരുതാൻ. തൃശൂർ പൂരം കലങ്ങിയാൽ അതിന്റെ ഗുണം സുരേഷ് ഗോപിക്കു മാത്രം കിട്ടുന്നതെങ്ങനെ? എന്തുകൊണ്ട് ആ ഗുണം സുനിൽകുമാറിന് കിട്ടിക്കൂടാ? മൂന്ന് സ്ഥാനാർത്ഥികളും ഹിന്ദുക്കളായിരുന്നല്ലോ! സുനിൽകുമാർ പത്തരമാറ്റ് കമ്മ്യൂണിസ്റ്റുകാരനാണ്, ദൈവവിശ്വാസി ആയിക്കൊള്ളണമെന്നുമില്ല. പക്ഷേ മുരളീധരൻ ഒന്നാന്തരം ദൈവവിശ്വാസിയാണ്. അപ്പോൾ പൂരം കലങ്ങിയതിന്റെ ഗുണം മുരളീധരനും കിട്ടണമല്ലോ!
പക്ഷേ ഇവിടെ ഗുണം സുരേഷ് ഗോപിക്കു മാത്രം കിട്ടിയെന്ന ആരോപണത്തിന്റെ അർത്ഥം എന്താണ് ? പൂരം കലങ്ങിയതിൽ ഹിന്ദുസമൂഹത്തിന് ദേഷ്യവും നിരാശയും തോന്നിയപ്പോൾ ആശ്രയമായി കണ്ടത് ബി.ജെ.പിയെ ആണെന്നാണോ? ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതിലൂടെ സുനിൽകുമാറും മുരളീധരനും പറയാതെ പറയുന്ന ഒരു കാര്യം, തങ്ങൾ ഹിന്ദുക്കളുടെ പ്രതിനിധികളല്ല എന്നതാണ്. ഹിന്ദുക്കളെ ആരെങ്കിലും പ്രതിനിധീകരിക്കുന്നുണ്ടെങ്കിൽ അത് സുരേഷ് ഗോപിയാണെന്നും അവർ പരസ്യമായി സമ്മതിക്കുന്നു.
കേരളത്തിൽ ഹിന്ദു വോട്ട് എന്നൊന്നുണ്ടെങ്കിൽ അത് ബി.ജെ.പിക്കു പോകുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും അംഗീകരിക്കുകയാണ്. അതിലൂടെ ഭംഗ്യന്തരേണ തങ്ങൾ ഹിന്ദുവിരുദ്ധരാണെന്ന് സമൂഹം കരുതുന്നുവെന്ന യാഥാർത്ഥ്യവും അവർ സമ്മതിക്കുന്നു. ഇതാണ് വാസ്തവത്തിലുള്ള വർഗീയ ധ്രുവീകരണം. ഇത് നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ. ഇങ്ങനെയാരു ധ്രുവീകരണം കേരളത്തിൽ സംഭവിച്ചിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
സ്പോട്ട് ബുക്കിംഗിലെ
വോട്ട് രാഷ്ട്രീയം
ശബരിമല സ്പോട്ട് ബുക്കിംഗ് നിറുത്താനുള്ള തീരുമാനം പിൻവലിച്ചതിലും ഇക്കാര്യം പ്രതിഫലിക്കുന്നുണ്ട്. സി.പി.ഐയും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സ്പോട്ട് ബുക്കിംഗ് തുടരണമെന്ന് ആവശ്യപ്പെട്ടു, സ്പോട്ട് ബുക്കിംഗ് നിറുത്തിയാൽ അതിന്റെ രാഷ്ട്രീയഗുണം ബി.ജെ.പിക്കു പോകുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇത്ര പച്ചയായും പരസ്യമായും ഹിന്ദു സമാജത്തെ തങ്ങൾക്ക് പേടിയാണെന്നും, ഇനിയും വ്രണിതരാക്കിയാൽ അവർ കൂടുതലായി ബി.ജെ.പിയിലേക്ക് ചായുമെന്നും സമ്മതിക്കുന്ന നിലപാടായിരുന്നു അത്.
ഹിന്ദുസമൂഹത്തെ എൽ.ഡി.എഫും യു.ഡി.എഫും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് പൂരത്തിന്റെയും ശബരിമലയുടെയും കാര്യം പരിശോധിച്ചാൽ ആർക്കും മനസിലാകും. 1984-ലെ നിലയ്ക്കൽ സമരം മുതൽ ഉണ്ടായിവന്നതാണ് കേരളത്തിലെ ഹിന്ദുവോട്ട്. അത് തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുന്ന രീതിയിൽ വളർന്നിരുന്നില്ല. 1987- ലെ തിരഞ്ഞെടുപ്പിൽ മാണിയും കോണിയുമില്ലാതെ സി.പി.എം മത്സരിക്കാൻ തീരുമാനിച്ചത് ഹിന്ദുവോട്ട് ഭയന്നാണ്. അന്ന് അവർ പരാജയപ്പെട്ടത് നിലപാടുകളിലെ തെറ്റുകൾ മൂലമല്ല, രാജീവ് ഗാന്ധിയുടെ ദാരുണമരണം കാരണമായിരുന്നു.
രാഷ്ട്രീക്കാർക്ക്
ഹിന്ദുപ്പേടി!
1992-ലെ അയോദ്ധ്യാ സംഭവത്തെ തുടർന്നാണ് ഇസ്ളാമിക പ്രീണനം ശക്തമായത്. കോയമ്പത്തൂൂർ സ്ഫോടനക്കേസിൽ ജയിലിലായ അബ്ദുൾ നാസർ മഅ്ദനിക്കു വേണ്ട ചികിത്സാ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് കേരള നിയമസഭയിലെ 140 എം.എൽ.എമാരും ചേർന്ന് പ്രമേയം പസാക്കുന്ന അവസ്ഥവരെയെത്തി, ഈ പ്രീണന രാഷ്ട്രീയം. ജയിൽ മോചിതനായ മഅ്ദനിക്ക് സ്വീകരണം കൊടുത്തത് സി.പി.എമ്മാണ്. പൊന്നാന്നി തിരഞ്ഞെടുപ്പിൽ മഅ്ദനിയുമായി വേദി പങ്കിട്ടത് പിണറായി വിജയനായിരുന്നു. ഇന്ന് അതേ പാർട്ടിയിലുള്ള പി. ജയരാജൻ മഅ്ദനി ഇസ്ളാം വിശ്വാസികളെ തീവ്രവാദികളാക്കിയെന്ന് ആരോപിക്കുന്നു.
1984-ൽ നിന്ന് 2024-ൽ എത്തിയപ്പോൾ ചരിത്രത്തിന്റെ ഒരു വൃത്തം പൂർത്തിയായി. ഹിന്ദു കേരളത്തിൽ രാഷ്ട്രീയ വത്കരിക്കപ്പെട്ടിരിക്കുന്നു. മെല്ലെയാണെങ്കിലും രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കാൻ അവർക്കു കഴിയുന്നു. രാഷ്ട്രീയ കക്ഷികൾക്ക് ഹിന്ദുപ്പേടി ബാധിച്ചും തുടങ്ങി. പൂരം കലങ്ങിയതിനെ ചൊല്ലിയുള്ള വാഗ്വാദവും ചേലക്കര അന്തിമഹാകാളൻ ക്ഷേത്രത്തിൽ രണ്ടു വർഷമായി വെടിക്കെട്ട് മുടങ്ങിയതും ശബരിമല സ്പോട്ട് ബുക്കിംഗും രാഷ്ട്രീയ രംഗത്ത് വലിയ ഓളങ്ങൾ സൃഷ്ടിക്കുന്നു. ഒരു സമൂഹം എന്ന നിലയ്ക്ക് ഹിന്ദു സമുദായത്തിന് തന്റേടം വർദ്ധിക്കുന്നുണ്ട്. അത് ഒരു നല്ല കാര്യമാണുതാനും!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |