കൊച്ചി: മമ്മൂട്ടിയുടെ സ്നേഹസമ്മാനം സ്വീകരിച്ചപ്പോൾ ശ്രുതിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ജെൻസൺ അണിയിക്കുന്ന താലി സ്വീകരിച്ച് പുതുജീവിതത്തിന് തുടക്കം കുറിക്കേണ്ടിയിരുന്ന വേദിയായിരുന്നു അത്. വയനാട് ദുരന്തത്തിലെ ദുഃഖപുത്രിയായി മാറിയ ശ്രുതിയെ പിതൃസ്‌നേഹത്തോടെയാണ് സൂപ്പർതാരം മമ്മൂട്ടി ചേർത്തുനിറുത്തിയത്.
''ഇതൊരു കടലാസാണ്. ഇതിനകത്ത് ചെക്കുമില്ല, ഇതൊരു പ്രതീകമാണ്. സ്‌നേഹത്തിന്റെ പ്രതീകം..." മമ്മൂട്ടിയുടെ വാക്കുകൾ കൈയടിയോടെ സദസ് സ്വീകരിച്ചപ്പോൾ ക്രച്ചസിൽ കൈയൂന്നി ചിരിക്കാൻ ശ്രമിക്കുകയായിരുന്നു ശ്രുതി. പാലാരിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ഞായറാഴ്‌ച നടന്ന 'ട്രൂത്ത് മാംഗല്യം' സമൂഹവിവാഹത്തിൽ ശ്രുതിയുടെയും ജെൻസണിന്റെയും താലികെട്ട് നടത്താൻ മമ്മൂട്ടി മുൻകൈയെടുത്ത് നിശ്ചയിച്ചിരുന്നു. അതിന്റെ ചെലവുവഹിക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് വാഹനാപകടത്തിൽ ജെൻസൺ മരിച്ചത്. എങ്കിലും ശ്രുതിയെ ക്ഷണിക്കണമെന്ന് മമ്മൂട്ടി സംഘാടകരോട് നിർദ്ദേശിച്ചു. ശ്രുതിയുടെ വിവാഹത്തിനായി കരുതിയിരുന്ന മുഴുവൻ തുകയും കവറിൽ ഉണ്ടായിരുന്നു.
ഖത്തറിലെ ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ സമദും എഡിറ്റോറിയൽ ഓൺലൈനും ചേർന്നാണ് സമൂഹവിവാഹം ഒരുക്കിയത്. ക്രച്ചസിന്റെ സഹായത്തോടെയാണ് ശ്രുതി വേദിയിലെത്തിയത്.മമ്മൂട്ടിയുടെ സമ്മാനത്തിനൊപ്പം മറ്റു ദമ്പതികൾക്ക് നൽകിയ അതേ തുകയും ശ്രുതിക്കും കൈമാറി. വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ടതിന്റെ നടുക്കം മാറുമുമ്പാണ് വാഹനാപകടത്തിൽ ജെൻസൺ മരിച്ചതും ശ്രുതിക്ക് സാരമായി പരിക്കേറ്റതും.
സവിശേഷ വിവാഹങ്ങൾ
കാഴ്ച, കേൾവി, സംസാര ശേഷികൾ കുറഞ്ഞ 40 യുവതികളുടെ വിവാഹമാണ് ട്രൂത്ത് മാംഗല്യത്തിൽ നടത്തിയത്.സംസാര ശേഷിക്കുറവുള്ള സഹോദരിയുടെ വിവാഹം നടത്താൻ ക്ളേശിച്ചതിനാലാണ് സമൂഹവിവാഹം സമദ് ഏറ്റെടുത്തതെന്ന് ട്രൂത്ത് ഗ്രൂപ്പ് അധികൃതർ 'കേരളകൗമുദി"യോട് പറഞ്ഞു. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് കുന്നംകുളം സ്വദേശിയായ സമദ്. മമ്മൂട്ടിയുടെ ഉൾപ്പെടെ സിനിമകൾ വിദേശത്ത് റിലീസ് ചെയ്യുന്നത് സമദാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |