നവീൻ ബാബുവിന്റെ മരണവും ആത്മഹത്യാപ്രേരണ കുറ്റവും അതിന്റെ വിവിധ അപഗ്രഥനങ്ങളുംകൊണ്ട് മാദ്ധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണല്ലോ. ഈയൊരു സംഭവം നമ്മുടെ ജനാധിപത്യ സങ്കല്പങ്ങളിൽ ചില പൊളിച്ചെഴുത്തുകൾ ആവശ്യപ്പെടുന്നുണ്ട്. പ്രോട്ടോകോളും പ്രിവിലേജുമൊക്കെ എപ്പോൾ, എവിടെ, ആരോട്, എങ്ങനെ പ്രയോഗിക്കണമെന്നും നിർമ്മിതബുദ്ധി ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകളാൽ നയിക്കപ്പെടുന്ന ഈ ലോകത്ത് പൗരാവകാശങ്ങളെക്കുറിച്ചും പൗരനു മേൽ അധികാരം സ്ഥാപിച്ചെടുക്കാനുള്ള പഴഞ്ചൻ സങ്കേതങ്ങളെക്കുറിച്ചും പുനർചിന്തനം ആവശ്യമുണ്ട്.
സമഭാവനയോടെയും സൗഹൃദത്തോടെയും ഉദ്യോഗസ്ഥരോട് പെരുമാറുന്ന ജനപ്രതിനിധികളാണ് ഭൂരിപക്ഷവും. എന്നാൽ ഒരു ചെറുവിഭാഗത്തിന്റെ ഗർവും ധാർഷ്ട്യവും അഹങ്കാരവും യജമാനഭാവവും അസഹനീയമാണെന്ന് ഉദ്യോഗസ്ഥർ മാത്രമല്ല, അവരെ തിരഞ്ഞെടുത്ത ജനങ്ങൾക്കും അഭിപ്രായമുണ്ട്. ജനം എന്നത് അസ്ത്വിതമില്ലാത്ത അടിമ രൂപമായി മാറിക്കൊണ്ടിരിക്കുകയാണോ? തിരഞ്ഞെടുപ്പു കാലത്തി മാത്രം രാഷ്ട്രീയ സ്റ്റോക് മാർക്കറ്റിൽ വില കുത്തനെ ഉയരുന്ന ഒരു കമ്മോഡിറ്റിയായി ജനം മാറുന്നുണ്ടോ? ഈ വിപണിക്ക് ജനാധിപത്യം എന്ന വിളിപ്പേരുമുണ്ട്. ജനാധിപത്യത്തിന്റെ മറവിൽ വോട്ടുബാങ്ക് രാഷ്ട്രീയം മുന്നേറുകയും നൈതിക മൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. പ്രജകളുടെ പ്രതിനിധികൾ പ്രജാപതികളായി മാറുന്ന കാഴ്ചയാണിന്ന്.
പ്രാതിനിധ്യ ജനാധിപത്യത്തിൽ ഒരുകൂട്ടം ജനങ്ങൾ തങ്ങൾ ചെയ്യേണ്ട ദൗത്യം ഒരു പൊതുദൂതനെ ഏല്പിക്കുകയാണ് ചെയ്യുന്നത്. സമ്മതിദാനം എന്ന വാക്കിന് അർത്ഥവും ഭാവവും ഉണ്ടാകുന്നത് അങ്ങനെയാണ്. ഒരു ജനപ്രതിനിധിക്ക് സ്വന്തമായ അസ്തിത്വം മാത്രമല്ല ഉള്ളത്. തന്നെ തിരഞ്ഞെടുത്ത ജനങ്ങളുടെ പൊതുവായ അഭിലാഷങ്ങളുടെയും ആശയങ്ങളുടെയും അധികാരത്തിന്റെയും വക്താവ് മാത്രമാണ് ജനപ്രതിനിധി. ജനങ്ങൾക്കില്ലാത്ത ഒരധികാരവും ജനപ്രതിനിധിക്ക് ഉണ്ടാവരുത്. ജനപ്രതിനിധികൾ ഒരു പ്രത്യേക ക്ലാസ് ആയി അധികാരാവകാശങ്ങൾ പ്രകടിപ്പിക്കുന്നതും അഭിലഷണീയമല്ല. ഇത് ജനങ്ങളോടുള്ള അവഹേളനമായി കരുതപ്പെടുന്നുണ്ട്.
ജനപ്രതിനിധികൾ പ്രജാപതികളായി അധികാരത്തിന്റെ ചെങ്കോലും കിരീടവും ധരിച്ച് അലങ്കാര പ്രൗഢികളോടും വാഹന വ്യൂഹത്തോടും കൂടി സഞ്ചരിച്ച് പൊങ്ങച്ചം കാണിക്കുകയല്ല വേണ്ടത്. ജനങ്ങളിൽ ഒരാൾ മാത്രമാണ് താനെന്നും അവർ ഏല്പിച്ച ദൗത്യം നിർവഹിക്കുന്ന അവരുടെ പ്രതിനിധി മാത്രമാണ് താനെന്നും തിരഞ്ഞെടുപ്പുകാലം കഴിഞ്ഞാലും ഓർത്തുകൊണ്ടേയിരിക്കണം.
അത്തരം ഓർമ്മകൾ മായ്ച്ചു കളഞ്ഞ് കോർപറേറ്റുകൾ, ആത്മീയ വാണിജ്യക്കാർ, ജാതി മത കൂട്ടായ്മകൾ, നിക്ഷിപ്ത താൽപര്യക്കാർ എന്നിവരുടെ പ്രതിനിധിയും അടിമയുമായി മാറുമ്പോളാണ് രാഷ്ട്രീയം അശ്ലീലമായി മാറുന്നത്. വോട്ട് ചെയ്തവരുടെ വിരലിലെ മഷിയുണങ്ങി ക്കഴിഞ്ഞാലും ജനപ്രതിനിധിക്ക് താൻ ജനത്തിൽ ഒരാൾ മാത്രമാണെന്ന ഓർമയുണ്ടാവണം. അതുണ്ടെങ്കിൽ പ്രോട്ടോകോളിന്റെ ബലത്തിൽ ഒരു വേദിയിൽ അനുചിതമായി ഒരു വാക്കു പോലും പറയില്ല. അതിന്, ഓർമ്മകൾ ഉണ്ടായിരിക്കണം!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |