
ചെന്നൈ: വിഷു ആയതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്ന സമയമാണിത്. എന്നാൽ നാട്ടിലെത്തി വിഷു ആഘോഷിക്കാൻ കാത്തിരുന്ന മലയാളികളെ കൈവിട്ടിരിക്കുകയാണ് ഇപ്പോൾ കെഎസ്ആർടിസി. ചെന്നൈയിൽ നിന്നും കേരളത്തിലേക്കുള്ള സ്‌പെഷൽ ബസുകൾക്കായി കാത്തിരുന്നവർക്കാണ് നിരാശയായത്.
എറണാകുളത്തേക്ക് ദിവസേനയുള്ള പതിവ് സർവീസിനു പുറമേ രണ്ട് ദിവസം മാത്രം ഒരു ബസ് അധികമായി ഓടിച്ചതൊഴിച്ചാൽ മറ്റു സർവീസുകളൊന്നും ഉണ്ടായിട്ടില്ല. കൂടുതൽ പേർ നാട്ടിലേക്കു പോകുന്ന സ്ഥിരം സർവീസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തിയത്. മുൻ വർഷങ്ങളിൽ തിരുവനന്തപുരത്തേക്ക് സ്‌പെഷൽ സർവീസുകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ അതും ഇല്ലാതയായി. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുടെ സ്ഥിതിയും പതിവുപോലെ പരിതാപകരമായി തുടരുന്നു.
സീസൺ തിരക്ക് മുതലെടുത്ത് യാത്രക്കാരെ പിഴിഞ്ഞൂറ്റുന്ന 'ഡൈനാമിക് പ്രൈസിംഗ്' രീതിയാണ് കെഎസ്ആർടിസി പിന്തുടരുന്നത്. സാധാരണക്കാരന് താങ്ങാനാവാത്ത വിധമാണ് നിരക്കുകൾ ഉയരുന്നത്. സാധാരണ ദിവസങ്ങളിൽ 1,640 രൂപ ഈടാക്കുന്ന എസി സ്ലീപ്പർ ബസിന് ഏപ്രിൽ പത്തിന് 2,456 രൂപയായാണ് നിരക്ക് വർദ്ധിപ്പിച്ചത്. അതായത് സാധാരണ നിരക്കിനേക്കാൾ ഏകദേശം എണ്ണൂറ് രൂപയോളം അധികം. ഏപ്രിൽ പതിനൊന്നിന് 2,179 രൂപയാണ് ഈടാക്കിയത്. ട്രെയിനിലും മറ്റും ടിക്കറ്റ് കിട്ടാത്ത സാഹചര്യം മുതലെടുത്ത് നടത്തുന്ന പകൽക്കൊള്ളയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതും വിമാന യാത്രയ്ക്ക് കനത്ത നിരക്ക് നൽകേണ്ടി വരുന്നതും കാരണം കെഎസ്ആർടിസിയെ ആശ്രയിക്കാൻ ഒരുങ്ങിയവരാണ് ഇപ്പോൾ പെരുവഴിയിലായിരിക്കുന്നത്. സർക്കാരും കെഎസ്ആർടിസിയും കൈമലർത്തിയതോടെ സ്വകാര്യ ബസ് ലോബികൾ നിരക്ക് കുത്തനെ കൂട്ടി കൊള്ളലാഭം കൊയ്യുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പോലും മതിയായ സൗകര്യം ഒരുക്കാത്തതിൽ ചെന്നൈയിലെ മലയാളകൾ കടുത്ത പ്രതിസന്ധിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |