പാലക്കാട്: സമയം വൈകിട്ട് നാല്,പാലക്കാട്ടെ ചൂടിന് ഒരല്പം ശമനം വന്ന നിമിഷം,കണ്ണാടി പാത്തിക്കൽ ജംഗ്ഷനിലേക്ക് പ്രവർത്തകരുടെ പടയ്ക്കൊപ്പം എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ എൻട്രി. കാത്ത് നിന്ന പ്രവർത്തകരിൽ ആവേശത്തിന്റെ ഊഷ്മാവ് ഉയർന്നു. 'ഭാരത്മാതാ കീ ജയ്…', 'വന്ദേമാതരം… വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി. വാക്കുകളിൽ പിശുക്കാണ് സികെയ്ക്ക്. പ്രവർത്തിച്ച് നടപ്പാക്കുക അതാണ് ശീലം. സ്വീകരണ കേന്ദ്രങ്ങളിൽ ചെറിയ വാക്കുകളിൽ പറയാനുള്ളത് പറയും. സങ്കടം പറയാൻ വരുന്നവരോടും പരാതിക്കാരോടും പക്ഷേ,അങ്ങനെയല്ല സമീപനം,പറയാനുള്ളത് മുഴുവൻ കേട്ട് പരിഹരിക്കാനുള്ള നിർദ്ദേശവും നൽകും. ഈ കരുതലാണ് കൃഷ്ണകുമാറിന്റെ വിജയം.
ഓരോ സ്വീകരണയോഗങ്ങളിലെത്തുമ്പോഴും ഇടതു-വലതു മുന്നണികൾക്ക് കുറിക്ക് കൊള്ളുന്ന രാഷ്ട്രീയവിമർശനം ഉന്നയിക്കും. ''കൊയ്ത്ത് കഴിഞ്ഞ് ഒരു മാസമായിട്ടും നെല്ല് സംഭരിക്കാതെ കർഷകരെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ യോഗങ്ങളിൽ ആഞ്ഞടിച്ചായിരുന്നു ഇന്നലെത്തെ പര്യടനം. അന്യസംസ്ഥാന അരിമില്ല് ലോബികളെ സഹായിക്കാനാണ് സപ്ലൈക്കോ നെല്ല് സംഭരിക്കാത്തത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന കർഷകർ വില കുറച്ച് നെല്ല് വിൽക്കേണ്ട അവസ്ഥയിലാണ്. കർഷക മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടും പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒന്നുമുണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ നൽകുന്ന കിസാൻ സമ്മാന നിധിയാണ് കർഷകരെ താങ്ങി നിറുത്തുന്നത്. ഇടത് വലത് മുന്നണികൾക്കെതിരെയുള്ള ശക്തമായ വികാരമായിരിക്കും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക''-കൃഷ്ണകുമാർ പറഞ്ഞു.
എൻ.ഡി.എ സർക്കാർ മാത്രമാണ് പാലക്കാടിന്റെ വികസനത്തിനായി വിവിധ പദ്ധതികൾ അനുവദിച്ചത്. ഒ. രാജഗോപാൽ റെയിൽവേ മന്ത്രിയായിരിക്കുമ്പോൾ അനുവദിച്ച ചുണ്ണാമ്പുത്തറ മേൽപ്പാലം,ബി.ഒ.സി റോഡ് മേൽപ്പാലം,കടുക്കാംകുന്നം മേൽപ്പാലം മുതൽ പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റിക്കായി 3,806 കോടി അനുവദിച്ചത് വരെ ഇതിനു തെളിവാണ്. പാലക്കാടിന് വേണ്ടി നിയമസഭയിൽ സംസാരിക്കാൻ ആളില്ലാത്ത അവസ്ഥയിലേക്ക് മാറ്റിയ എം.എൽ.എ ജനങ്ങളുടെ വിശ്വാസമാണ് തകർത്തതെന്ന് പറഞ്ഞ കൃഷ്ണകുമാർ വോട്ടർമാരോട് ഒന്നരവർഷമാണ് ആവശ്യപ്പെട്ടത്. ഒന്നര വർഷം തനിക്ക് തരൂ, തന്ന ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ തന്നെ മാറ്റിനിറുത്തിക്കോളൂ.. എന്ന് പറഞ്ഞാണ് കൃഷ്ണകുമാർ വേദിവിട്ടത്.
തുടർന്ന് പാത്തിക്കൽ,പൊലീസ് ക്വാർട്ടേഴ്സ്,അയ്യപ്പൻകാവ്,പെരണ്ടക്കാട്,മൈത്രി നഗർ,പുഴക്കൽ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |