SignIn
Kerala Kaumudi Online
Sunday, 03 November 2024 4.23 AM IST

അമരക്കാരില്ലാത്ത 'അമ്മ'യും സിനിമയുടെ സമയദോഷവും

Increase Font Size Decrease Font Size Print Page
cinema

നാലരവർഷം സുഖസുഷുപ്തിയിലായിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചത്തുവന്നപ്പോൾ സിനിമാരംഗത്തുണ്ടായ ഭൂകമ്പങ്ങൾ വലുതാണ്. തുടർചലനങ്ങളുടെ ഫലമായി പല താരങ്ങളും ഇരുട്ടിവെളുത്തപ്പോൾ പീ‌ഡനക്കേസ് പ്രതികളായി. അതോടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മാന്ദ്യമുണ്ടായി. സൂപ്പർസ്റ്റാർ ചിത്രങ്ങൾ കണികാണാൻ പോലുമില്ലാതെ ഓണം കടന്നുപോയി. അറസ്റ്റും ചോദ്യം ചെയ്യലുമായി കേസിൽപ്പെട്ട പ്രമുഖർ വലഞ്ഞു. ആരോപണങ്ങളുടെ കാലപ്പഴക്കവും പൊരുത്തക്കേടുകളും കാരണം താരപ്രതികൾ റിമാൻഡിലാകാതെ രക്ഷപ്പെട്ടു.

ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുനീങ്ങുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി താരസംഘടനയായ 'അമ്മ'യുടെ ഓഫീസിലടക്കം പരിശോധന നടത്തി. വാസ്തവത്തിൽ സംഘടനാ തിരഞ്ഞെടുപ്പെല്ലാം നടന്ന് 'അമ്മ' ഉഷാറായി നിൽക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റായ മോഹൻലാൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തെ അതിജീവിച്ച് സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്നു. മറ്റ് ഭാരവാഹികളേയും നിശ്ചയിച്ച് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഹേമ റിപ്പോർട്ട് ഇടിത്തീയായി പുറത്തുവന്നത്. തുടർന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. പീഡനപരാതികളുടെ പ്രവാഹമായി. തീഷ്ണമായ ആരോപണത്തിൽ സിദ്ദിഖ് പുതിയ പദവി രാജിവച്ചു. ദീർഘകാലം 'അമ്മ'യെ നയിച്ച ഇടവേള ബാബുവും കേസിൽപ്പെട്ടു. വരുംദിനങ്ങളിൽ ആരും ടാർഗറ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് മോഹൻലാലും സ്ഥാനമൊഴിഞ്ഞു. ഇതോടെ 'അമ്മ'യിൽ കൂട്ടരാജിയായി. ആഗസ്റ്റ് അവസാനവാരമായിരുന്നു സംഭവങ്ങൾ. രണ്ടുമാസത്തിനകം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു അന്നിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്. രാജിവച്ചവർ അതുവരെ കാവൽ ഭരണസമിതിയിൽ തുടരുമെന്നും... ഇപ്പോൾ രണ്ടു മാസം പിന്നിട്ടിരിക്കുന്നു. 'അമ്മ'യിൽ അനക്കമില്ല. സംഘടനാ തിരഞ്ഞെടുപ്പിന്റെ ലാഞ്ചന കാണുന്നില്ല. അതിന് കാരണങ്ങൾ പലതാണ്.

അന്വേഷണ വാൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലും തുടർമൊഴികൾ പരിഗണിച്ചും 40 കേസുകളുമായാണ് പ്രത്യേക അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. ഇതിൽ എട്ടുകേസുകളിൽ പ്രതിസ്ഥാനത്തുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് ഹൈക്കോടതിയിൽ കൊടുത്തിട്ടുണ്ട്. മറ്റ് കേസുകളിൽ ആരോപണ വിധേയരെ തിരയുകയാണ്. തുടരന്വേഷണത്തിൽ കൂടുതൽ കേസുകളുണ്ടായേക്കാം. ആർക്കെല്ലാം എതിരേയാണ് വാൾ ഉയരുകയെന്ന് പറയാനാകില്ല. ഹേമ റിപ്പോർട്ടിലെ തുടർനടപടികളെ എതിർത്തും അനുകൂലിച്ചും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്തും. ആരെ നേതാവാക്കും. ഇതാണ് 'അമ്മ'യെ അലട്ടുന്ന യഥാർത്ഥ പ്രശ്നം. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ് നീളുന്നതിന് മറ്റു ന്യായീകരണങ്ങളാണ് താരസംഘടന നൽകുന്നത്.

നേതാവാകാൻ ആളില്ല

'അമ്മ'യുടെ ബൈലോ പ്രകാരം കാവൽ ഭരണസമിതിക്ക് അടുത്ത ജൂൺ വരെ തുടരാനാകുമെന്നാണ് ന്യായീകരണം. അതിനാൽ തിടുക്കപ്പെട്ട് തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും പറയുന്നു. എന്നാൽ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ സംഘടന ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞതിന് കടകവിരുദ്ധമാണിത്. രണ്ടു മാസത്തിനകം പുതിയ ഭരണസമിതി നിലവിൽ വരുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. ജഗദീഷ് അടക്കം നേതൃനിരയിലുള്ള പല താരങ്ങളും ഇത് പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു. കേസും അന്വേഷണവും മാത്രമല്ല, ഭാരവാഹിത്വം ഏറ്റെടുക്കാൻ പ്രമുഖതാരങ്ങൾ തയാറാകാത്തതും 'അമ്മ'യെ അലട്ടുന്നുണ്ട്. പലതരം ഈഗോ പ്രശ്നങ്ങൾക്ക് നടുവിലുള്ള സംഘടനയെ ഒത്തൊരുമയോടെ നയിക്കുക എളുപ്പമുള്ള കാര്യമല്ല. അതിനാൽ ആജ്ഞാശക്തിയുള്ള പ്രബലതാരങ്ങളിൽ ഒരാളെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് രീതി. നിലവിലെ സാഹചര്യത്തിൽ അവർ വിമുഖത കാട്ടുന്നതാണ് പ്രശ്നം. ജഗദീഷിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മത്സരത്തിന് തയാറാണെങ്കിലും പ്രബല വിഭാഗത്തിന് ഇത് അത്ര ദഹിച്ചിട്ടില്ല. അതിനാൽ കേസുകൾ കെട്ടടങ്ങുന്നത് വരെ കാത്തിരിക്കണമെന്നാണ് ഇവരുടെ നിലപാട്.

നയരൂപീകരണത്തിലെ കല്ലുകടി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അടക്കം പരിഗണിച്ച് സിനിമാ നയരൂപീകരണത്തിന് സർക്കാർ ചർച്ചകൾ നടത്തിവരികയാണ്. ഷാജി.എൻ. കരുൺ അദ്ധ്യക്ഷനായ സമിതിയുടെ കാര്യത്തിൽ തുടക്കത്തിലേ കല്ലുകടിയുണ്ടായി. സമിതിയംഗം എം.മുകേഷ് എം.എൽ.എ പീഡനക്കേസിൽപ്പെട്ട് പുറത്തായി. മുമ്പ് തൊഴിൽ നിഷേധത്തിന് നിയമനടപടി നേരിട്ട സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ എതിർപ്പിനേതുടർന്ന് രാജിവച്ചൊഴിഞ്ഞു. പകരക്കാരെ വച്ച് അഭിപ്രായ രൂപീകരണവുമായി സമിതി മുന്നോട്ടു നീങ്ങുമ്പോഴാണ് ഡബ്ല്യൂ.സി.സി വക ഉടക്ക്. കടുത്ത നിർദ്ദേശങ്ങളാണ് ഈ വനിതാ കൂട്ടായ്മ കഴിഞ്ഞദിവസം നയരൂപീകരണ സമിതിക്ക് മുന്നിൽ വച്ചത്. സ്ത്രീ സുരക്ഷ ഉറപ്പാക്കിയിട്ടുമതി സിനിമയ്ക്ക് പ്രദർശനാനുമതി നൽകാൻ എന്നതാണ് പ്രധാന നിർദ്ദേശം. ഓരോ സിനിമയ്ക്കും പ്രദർശനാനുമതി നൽകുന്നതിന് മുമ്പ് ഒരു സ്ത്രീ പോലും ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യം. പക്ഷപാതിത്വവും വിലക്കുകളും പാടില്ല. പുരുഷതാരങ്ങളുടെ പ്രതിഫലത്തിന് പരിധിനിശ്ചയിക്കണമെന്നും ആവശ്യമുണ്ട്. പരാതികൾ പരിഗണിക്കാൻ കമ്മിഷനും ട്രൈബ്യൂണലും വേണം. ഇങ്ങനെ സ‌ർക്കാരിനേയും സിനിമാക്കാരേയും വിഷമവൃത്തത്തിലാക്കുന്ന നിർദ്ദേശങ്ങളാണ് 31 പേജുകളിലായി ഡബ്ല്യൂ.സി.സി സമർപ്പിച്ചിരിക്കുന്നത്.

നയരൂപീകരണ സമിതിക്ക് മുമ്പാകെ വരുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് കരട് നയമുണ്ടാക്കാനും കൊച്ചിയിൽ നടക്കുന്ന സിനിമാ കോൺക്ലേവിൽ ചർച്ചചെയ്യാനുമാണ് സ‌‌ർക്കാർ തീരുമാനം. എന്നാൽ കോൺക്ലേവ് എന്നു നടക്കുമെന്ന് ഉറപ്പായിട്ടില്ല.

കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുമുണ്ട്. ഇരകളേയും വേട്ടക്കാരയും ഒന്നിച്ചിരുത്തുന്ന കോൺക്ലേവിന് എന്ത് അർത്ഥമാണുള്ളതെന്ന് ഡബ്ല്യൂ.സി.സിയും ചോദിച്ചിരുന്നു.

ഏതായാലും ഹേമ റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാരംഗം അനിശ്ചിതത്വത്തിലൂടെയാണ് നീങ്ങുന്നത്. ജനങ്ങൾക്ക് വിനോദവും സർക്കാരിന് വിനോദനികുതിയും നൽകുന്ന സിനിമയിൽ അനിശ്ചിതത്വം നീളുന്നത് ഉചിതമല്ല. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. കോൺക്ലേവിന്റെ പേരിലുള്ള രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. ഇരകൾക്കൊപ്പം നീങ്ങുമ്പോൾ വേട്ടക്കാരന് വേണ്ടി വക്കാലത്തുപറയുന്ന രീതി ഒഴിവാക്കണം. അങ്ങനെ സിനിമയെ ശുദ്ധീകരിക്കാനും സുഗമമാക്കാനുമുള്ള സത്വര നടപടികളാണ് സ‌ർക്കാരിൽ നിന്നും സംഘടനകളിൽ നിന്നും വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AMMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.