കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം നടക്കും. അമ്മയിലെ മുഴുവൻ അംഗങ്ങളുടെയും കുടുംബങ്ങളെ പങ്കെടുപ്പിച്ച് വലിയ പരിപാടി നടത്താനാണ് സംഘടനയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കൂട്ടരാജി സമർപ്പിച്ചതോടെ നിലവിലുള്ള അഡ്‌ഹോക്ക് കമ്മിറ്റിയാവും പരിപാടിക്ക് നേതൃത്വം നൽകുക. കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാകും പരിപാടിയെന്നാണ് വിവരം.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിപാടികൾ. മെഗാ സ്റ്റേജ്ഷോയുൾപ്പടെയുള്ള പരിപാടികൾ നടത്തിയേക്കും. ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയാണുണ്ടാകുക. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഓണത്തോട് അനുബന്ധിച്ച് കുടുംബ സംഗമം നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തിൽ ഭരണസമിതി കൂട്ടരാജി നൽകുകയും പരിപാടി റദ്ദാക്കുകയുമായിരുന്നു.
ചില ഭാരവാഹികൾക്കെതിരെ ലൈംഗികാരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഭാരവാഹികൾ സ്വമേധയാ സ്ഥാനമൊഴിഞ്ഞതെന്നാണ് സംഘടന പ്രസ്താവനയിൽ അറിയിച്ചത്. ലൈംഗിക പീഡനാരോപണം നേരിട്ട ജനറൽ സെക്രട്ടറി സിദ്ദിഖ് നേരത്തേ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ പ്രതിസന്ധിയിലായ നേതൃത്വം കൂടുതൽ ആരോപണങ്ങൾ ഉയരുന്നതിന് മുമ്പ് രാജിവയ്ക്കുന്നതാണ് ഭംഗിയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടരാജിക്ക് ഒരുങ്ങിയത്.
പുതിയ ഭരണസമിതി വരുന്നതുവരെ രണ്ട് മാസത്തേക്ക് നിലവിലുള്ള സമിതി അഡ്‌ഹോക് ആയി പ്രവർത്തിക്കുകയും അംഗങ്ങൾക്ക് നൽകുന്ന കൈനീട്ടവും ആരോഗ്യ സഹായവും തുടരുകയും ചെയ്തു. അമ്മയെ ശക്തിപ്പെടുത്താൻ കെൽപ്പുള്ള പുതിയ നേതൃത്വം വരട്ടെ എന്ന ശുഭപ്രതീക്ഷയാണ് മോഹൻലാൽ പങ്കുവച്ചത്. എന്നാൽ കൂട്ടരാജി അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി അമ്മ ആസ്ഥാനത്ത് നടന്ന കേരള പിറവി ദിനാഘോഷത്തിൽ നിലപാടെടുത്തു. രാജിവച്ചവർ തിരികെ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |