ത്യാഗോജ്ജ്വലമായ ജീവിത വഴികളിലൂടെ സഞ്ചരിച്ച് തന്റെ അഞ്ച് മക്കളേയും ഉന്നത നിലയിലെത്തിച്ച വ്യക്തിയാണ് കല്ലറ സരസമ്മ എന്ന മുൻ കോൺഗ്രസ് പ്രവർത്തകയെന്ന് ആലപ്പി അഷ്‌റഫ്. മക്കളിൽ രണ്ട് പെൺമക്കളെ തെന്നിന്ത്യ അറിയുന്ന നടിമാരാക്കി മാറ്റി. അംബികയും രാധയുമാണ് ആ പെൺമക്കൾ. കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ കടുത്ത ആരാധിക ആയിരുന്നു സരസമ്മ. ആ ആരാധനയാണ് മഹിളോ കോൺഗ്രസ് നേതാവാക്കി മാറ്റിയതെന്ന് അഷ്‌റഫ് പറയുന്നു.
''സരസമ്മ ചേച്ചി തന്റെ മക്കൾ സമ്പാദിക്കുന്ന പണം മുഴുവൻ അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ദീർഘവീക്ഷണത്തോടെ കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും നിരവധി സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. മദ്രാസിലെ പ്രശസ്തമായ എആർഎസ് ഗാർഡൻ എന്ന സ്‌റ്റുഡിയോ അവരുടേതായിരുന്നു. അത് പിന്നീട് ഹോട്ടൽ സമുച്ചയമായി മാറ്റുകയുണ്ടായി. സരസമ്മ ചേച്ചിയുടെ ഭൂമി വാങ്ങലിനെ കുറിച്ച് മകൻ സുരേഷ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. ഏത് ഭൂമി ആര് കൊണ്ടുചെന്നാലും അമ്മച്ചി അപ്പോൾ വാങ്ങിയിരിക്കും. അതാണ് അമ്മച്ചിയുടെ സ്വഭാവം. ഇക്കക്ക് അറിയാമോ? രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ കൊല്ലപ്പെട്ടപ്പോൾ അമ്മ പറഞ്ഞു, ഇനി ആ സ്ഥലം ഒരുപാട് ഡെവലപ്പ് ആകും. ഇപ്പോഴാണെങ്കിൽ ചെറിയ വിലയ‌്ക്ക് സ്ഥലം കിട്ടും. ഇങ്ങനെ പറഞ്ഞ് അമ്മ അവിടെ ഏക്കറുകണക്കിന് സ്ഥലം വാങ്ങിയിടുകയുണ്ടായി.
ചേച്ചിയുടെ ദീർഘവീക്ഷണം ശരിവയ‌്ക്കുന്നതാണ് ഇന്നത്തെ അവിടുത്തെ സ്ഥിതി. ഭയങ്കരമായ ഡെവല്പ്‌മെന്റ്സ് ഉണ്ടായി. ഭൂമിക്ക് തീപിടിച്ച വിലയുമായി. അംബികയുടെയും രാധയുടെയും മറ്റു സഹോദരങ്ങളുടെയും എല്ലാ ഉയർച്ചയ്‌ക്കും കാരണം സരസമ്മ എന്ന അവരുടെ അമ്മ മാത്രമാണ്. താൻ സഞ്ചരിച്ച വഴികളിലെ കല്ലുകളേയും മുള്ളുകളേയും അവർ പൂ മെത്തയാക്കി മാറ്റി. ബുദ്ധിശക്തിയും, തന്റേടവും അസാമാന്യ കഴിവും, ഒപ്പം താഴ്‌മയും വിനയവും കൊണ്ട് കല്ലറ സരസമ്മ എന്ന സ്ത്രീ ഉണ്ടാക്കി എടുത്തതാണ് എല്ലാം. ''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |