ബംഗളൂരു: ബംഗളൂരുവിൽ നടുറോഡിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. കസവനഹള്ളിയിൽ ചൂഢസാന്ദ്രയിൽ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപ് ജോർജും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. അനൂപിന്റെ അഞ്ചുവയസുള്ള മകൻ സ്റ്റിവിന് പരിക്കേറ്റു. ബുധനാഴ്‌ച രാത്രി 9.30നായിരുന്നു സംഭവം. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഐ.ടി കമ്പനി ജീവനക്കാരനാണ് അനൂപ്.
അനൂപും ഐ.ടി ജീവനക്കാരിയായ ഭാര്യ ജിസും മക്കൾ സെലസ്റ്റെ (11),മകൻ സ്റ്റിവും ഷോപ്പിംഗ് നടത്തി മടങ്ങവെയായിരുന്നു ആക്രമണം. താമസസ്ഥലത്തിന് രണ്ടു കിലോമീറ്റർ അകലെ ചൂഢസന്ദ്രയിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ കാർ തടഞ്ഞുനിറുത്തി. ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ അനൂപ് കാർ മുന്നോട്ടെടുത്തു. ഇതോടെ ഒരാൾ കാറിന്റെ പിൻഗ്ലാസിലേക്കു കല്ലെറിഞ്ഞു. ചില്ല് തെറിച്ച് സ്റ്റീവിന്റെ തലയിൽ കൊള്ളുകയായിരുന്നു. അനൂപിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചാ ശ്രമമാണെന്നാണ് നിഗമനം. ഒരാളെ കസ്റ്റഡിയിലെടുത്തെന്നും മറ്റേയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ആക്രമണം പതിവ്
ബംഗളൂരു നഗരത്തിൽ രാത്രി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കു നേരെ അതിക്രമങ്ങൾ പതിവാകുകയാണ്. ആളൊഴിഞ്ഞ ഇടങ്ങളിൽ കാർ തടഞ്ഞുനിറുത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടും. നൽകിയില്ലെങ്കിൽ ആക്രമിക്കും. അപകടങ്ങളും മറ്റും ബോധപൂർവം സൃഷ്ടിച്ച് കവർച്ചാ ശ്രമം നടത്തുകയും ചെയ്യാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |