ഒടു മാടപ്രാവിന്റെ കഥ എന്ന തന്റെ ആദ്യ സംവിധാന നിർമ്മാണ ചിത്രത്തെ കുറിച്ച് പറയുകയാണ് ആലപ്പി അഷ്‌റഫ്. പ്രേംനസീർ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിൽ മോഹൻലാലിനും പ്രധാന വേഷമുണ്ടായിരുന്നു. ലാലിന്റെ ഫൈറ്റ് സീനുകൾ വരെ ചിത്രീകരിച്ചിട്ടും, ആ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നതിനെ കുറിച്ച് ആലപ്പി അഷ്‌റഫ് മനസ് തുറക്കുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ-
എന്റെ ആദ്യ സംവിധാന നിർമ്മാണ ചിത്രത്തെ കുറിച്ചാണ്. ഒടു മാടപ്രാവിന്റെ കഥ. പ്രേംനസീർ നായകനായ ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ടായിരുന്നു, എന്നാൽ മോഹൻലാൽ ഇല്ല. മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടായിരുന്നു, എന്നാൽ മമ്മൂട്ടിയുടെ ശബ്‌ദമല്ല ആ പടത്തിൽ. മേയ്‌ക്കപ്പ് മാൻ ബാലകൃഷ്‌ണൻ ആയിരുന്നു എന്റെ സംവിധാന സംരംഭത്തിൽ സഹായിയായി നിന്നത്. ഞങ്ങൾ നസീർ സാറിനെ നായകനാക്കാൻ തീരുമാനിച്ചു. ഇന്ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റ് കിട്ടുന്നത് പോലെയാണ് അന്ന് നസീർ സാറിന്റെ ഡേറ്റ്. അന്നത്തെ അദ്ദേഹത്തിന്റെ ഉയർന്ന പ്രതിഫലം 75000 രൂപയാണ്. അദ്ദേഹമത് ഒരു ലക്ഷമാക്കി ഉയർത്തിയ സമയം കൂടി ആയിരുന്നു. അന്നത്തെ ഒരു ലക്ഷം ഇന്നത്തെ 5 കോടിക്ക് തുല്യമാണ്.
വളരെ പ്രയാസപ്പെട്ട് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് നസീർ സാറിനെ കാണാൻ ചെന്നു. കുറേ സംസാരിച്ചതിന് ശേഷം അദ്ദേഹം കാശ് വാങ്ങി വച്ചു. പിന്നീട് പലപ്പോഴായി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. ഒടുവിൽ 10 ദിവസത്തെ ഡേറ്റ് രണ്ട് ഷെഡ്യൂകളായി നസീർ സാർ എനിക്ക് തന്നു. നായികയായി സീമയേയും തീരുമാനിച്ചു. അന്നത്തെ സീമയുടെ പ്രതിഫലം 35000 രൂപയാണ്.
പിന്നീടാണ് മമ്മൂട്ടിയേയും മോഹൻലാലിനെയും കണ്ടത്. മമ്മൂട്ടിക്ക് 25000 രൂപയായിരുന്നു പ്രതിഫലം പറഞ്ഞത്. മോഹൻലാലിനെ കണ്ടപ്പോൾ, അണ്ണാ ഞാൻ വന്ന് ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹം അന്ന് ഒരുപാട് പടങ്ങളിൽ വില്ലനായി അഭിനയിക്കുന്ന സമയമാണ്. ബാക്കി നടീനടന്മാരെയും നിശ്ചയിച്ചു.
ഷൂട്ടിംഗ് തുടങ്ങി. നസീർ സാറുമായിട്ട് മോഹൻലാലിന്റെ ഒരു ഫൈറ്റ് പ്ളാൻ ചെയ‌്തിരുന്നു. ലാലിനും നസീർ സാറിനും ഡ്യൂപ്പുകളുണ്ട്. അതിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ട്. ഇരുവരുടെയും ഡ്യൂപ്പുകളിൽ ലാലിന്റെ ഡ്യൂപ്പിനുള്ള ഡ്രസ് കോസ്‌റ്റ്യൂമർ തയ്യാറാക്കിയിരുന്നില്ല. ഫൈറ്റ് എടുക്കാൻ തുടങ്ങിയപ്പോഴാണ് ഈ വിവരം അറിഞ്ഞത്. ലാൽ പറഞ്ഞു കുഴപ്പമില്ല, എന്റെ ഷർട്ട് തന്നെ ഡ്യൂപ്പിന് കൊടുത്തോളൂ. ഡ്യൂപ്പ് ലാലിന്റെ ഷർട്ട് ധരിച്ച് ഫൈറ്റ് തുടങ്ങി. കഴിഞ്ഞപ്പോൾ ഷർട്ട് വെള്ളത്തിൽ കുതിർന്നത് പോലെയായി. ആകെ വിയർപ്പ് മയം. ഇനി എന്തുചെയ്യുമെന്ന് അവസ്ഥയിലായി എല്ലാവരും. ഷൂട്ടിംഗ് നിന്നുപോകുമെന്ന അവസ്ഥ. ആകെ ടെൻഷൻ. അവിടെയാണ് മോഹൻലാൽ എന്ന മനുഷ്യസ്നേഹിയെ ഞാൻ കണ്ടത്. സാരമില്ല അണ്ണാ, ഞാൻ ആ ഷർട്ട് ഇട്ടുകൊള്ളാം എന്ന് ലാൽ പറഞ്ഞു.
അതിനിടെ ഒരാൾ ലാലിനോട് പറഞ്ഞു. ലാലേ അതാന്നും എടുത്തിടല്ലേ കുഴപ്പമാകും. ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു- അതിനെന്താ ആശാനേ, അയാളും നമ്മളെ പോലെ മനുഷ്യനല്ലേ. സാരമില്ല. നമുക്ക് ജോലി നടക്കണ്ടേ? ഫൈറ്റ്പൂർണമായും തീർത്തു. പക്ഷേ ഒടുവിൽ മറ്റു സീനുകൾ എടുക്കാൻ ലാലിന് സമയം ഇല്ലാതായി. ഗത്യന്തരം ഇല്ലാതെ ലാലിന്റെ അനുമതിയോട് കൂടി ആ കഥാപാത്രത്തെ സിനിമയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |