ത്രില്ലർ ചിത്രങ്ങളുടെ ആരാധികയാണെന്ന് തുറന്നുപറഞ്ഞ് നടി വാണി വിശ്വനാഥ്. ഒരു അഭിനേതാവ് എന്ന നിലയിൽ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. താൻ ചെയ്ത ഓരോ കഥാപാത്രങ്ങളും മലയാളികൾ ഇതുവരെയായിട്ടും മറന്നിട്ടില്ലെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേർത്തു. താരം അഭിനയിച്ച പുതിയ ചിത്രമായ ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ പ്രമോഷനുവേണ്ടി ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വാണി വിശ്വനാഥ് സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
'എന്റെ സിനിമാജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് എന്റെ വലിയൊരു ആരാധകനാണെന്ന് പറഞ്ഞത് ഒരിക്കലും മറക്കാൻ സാധിക്കില്ല. എ കെ ആന്റണി സാർ മുഖ്യമന്ത്രിയായിരുന്ന സമയത്തും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ മറക്കാൻ കഴിയാത്ത സന്തോഷങ്ങളാണ്. തിരിച്ചുവരവിലൂടെ സിനിമയിൽ തിരക്കാകണം എന്ന ചിന്തയില്ല. നല്ല കഥാപാത്രങ്ങൾ കിട്ടുകയാണെങ്കിൽ ചെയ്യും.
മമ്മൂക്ക നായകനായെത്തിയ ദി കിംഗിലും ഡാനി എന്ന ചിത്രത്തിലും ഞാൻ അഭിനിയിച്ചിരുന്നു. രണ്ടിലും മമ്മൂക്കയെ എതിർക്കുന്ന കഥാപാത്രമായിരുന്നു എന്റേത്. ദി കിംഗിൽ മമ്മൂക്കയെ അടിക്കാൻ വേണ്ടി കൈ ഉയർത്തുന്ന ഒരു സീനുണ്ട്. അന്ന് അദ്ദേഹത്തിന്റെ കഥാപാത്രം 'ഇനി നിന്റെ കൈ ഒരിക്കലും ഒരു ആണിന് നേരെയും ഉയരില്ല' എന്ന് തിരിച്ച് പറയുന്നുണ്ട്. എന്നാൽ അതിനുശേഷമാണ് സിനിമകളിൽ എന്റെ കൈ മറ്റുളള കഥാപാത്രങ്ങൾക്കുനേരെ ഉയരാൻ തുടങ്ങിയത്.
സിനിമയിൽ നിന്ന് കുറേക്കാലം വിട്ടുനിന്നെങ്കിലും സിനിമയെക്കുറിച്ച് എല്ലാം മനസിലാക്കിയിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നതിൽ സങ്കടം തോന്നിയിട്ടില്ല. അതിനെക്കാളും സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ആ തീരുമാനമെടുത്തത്. മക്കളുടെ കാര്യങ്ങൾ നോക്കി ജീവിച്ചപ്പോൾ അതിനേക്കാളേറെ സന്തോഷം ലഭിച്ചിരുന്നു. അതുകൊണ്ട് അത്തരത്തിൽ ഒരു സങ്കടം തോന്നിയിരുന്നില്ല.
പലഭാഷകളിലും ശക്തമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു. മലയാള സിനിമയിൽ നോക്കുമ്പോൾ എന്റെ മിക്ക കഥാപാത്രങ്ങളോടൊപ്പവും മമ്മൂക്കയും ലാലേട്ടനും ഉണ്ടായിരുന്നു. അവരോടൊപ്പം ശക്തമായ കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ എന്റെ കഥാപാത്രങ്ങളിൽ അവരുടെ അംശവും ഉണ്ടായിരിക്കും. മഹാനടൻമാരുടെ ചില മാനറിസങ്ങളും എന്റെ കഥാപാത്രങ്ങളിൽ വരുന്നുണ്ട്. സിനിമയിലെ മാറ്റങ്ങൾക്കനുസരിച്ച് അഭിനയിക്കാൻ പഠിക്കേണ്ടതുണ്ട്'- വാണി വിശ്വനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |