രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായി മാറാൻ പോകുന്ന വിഴിഞ്ഞം ട്രാൻസ്‌ഷിപ്‌മെന്റ് തുറമുഖം നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത് അടുത്ത മാസം കമ്മിഷനിംഗിന് ഒരുങ്ങവെ കേന്ദ്ര സർക്കാർ പുതിയ ഇടങ്കോലുമായി രംഗത്തുവന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തുറമുഖ നിർമ്മാണ കരാർ ഒപ്പിടുന്നതിനു മുൻപ് കേന്ദ്ര - സംസ്ഥാന സർക്കാരുകളും തുറമുഖ നിർമ്മാണ, നടത്തിപ്പു ചുമതലയുള്ള അദാനി കമ്പനിയുമായി ഒപ്പുവച്ച കരാറനുസരിച്ച് പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. ഇതനുസരിച്ച് കേന്ദ്രവും കേരളവും 817 കോടി രൂപ വീതം വി.ജി.എഫ് ഇനത്തിൽ നൽകണം. പൊതു- സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലുള്ള ആദ്യ തുറമുഖമെന്ന നിലയ്ക്ക് പ്രത്യേക പരിഗണന കല്പിച്ചാണ് വി.ജി.എഫ് വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയത്. തുറമുഖം കമ്മിഷൻ ചെയ്യാൻ സമയമായിട്ടും ഇതുവരെ ഇതനുസരിച്ചു നൽകേണ്ട വിഹിതം കേന്ദ്രം നൽകിയിട്ടില്ല.
ഇനി, തുക നൽകിയാൽത്തന്നെ അത് സംസ്ഥാന സർക്കാരിനു നൽകുന്ന വായ‌്‌പയായി പരിഗണിച്ച് ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. നാല്പതു വർഷം കൊണ്ട് പലിശ സഹിതം അത് തിരിച്ചടയ്ക്കേണ്ടി വരുമ്പോൾ സംസ്ഥാന ഖജനാവിൽ നിന്ന് പതിനായിരം കോടി മുതൽ 12,000 കോടി രൂപ വരെ ഒഴുകിപ്പോകും. മറിച്ച് വി.ജി.എഫ് ഇനത്തിൽ നൽകുന്ന 817 കോടി രൂപ ഗ്രാന്റായി മാറ്റുകയാണെങ്കിൽ ഈ ഋണഭാരത്തിൽ നിന്ന് സംസ്ഥാനത്തിന് മോചനം ലഭിക്കും. കരാർ ഒപ്പുവയ്ക്കുമ്പോൾ ഉൾപ്പെടുത്താതിരുന്ന ഒരു വ്യവസ്ഥ അവസാനകാലം കൂട്ടിച്ചേർത്ത് സംസ്ഥാനത്തെ പിഴിയുന്നതിന് ഒരു ന്യായീകരണവുമില്ല. മാത്രവുമല്ല, സമാനമായ തൂത്തുക്കുടി തുറമുഖത്തിന്റെ കാര്യത്തിൽ കേന്ദ്രം വി.ജി.എഫ് ഇനത്തിൽ ഗ്രാന്റായി ഫണ്ട് അനുവദിക്കുന്നുമുണ്ട്. കേരളത്തിന്റെ ഏത് ആവശ്യത്തിലും ഇത്തരം കടുത്ത വിവേചനം പുലർത്തുന്ന സമീപനമാണ് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖം കേരളത്തിനു മാത്രം അവകാശപ്പെട്ടതല്ല. രാജ്യത്ത് നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാൻ ഉദാര സമീപം സ്വീകരിച്ചുവരുന്ന കേന്ദ്രം വിഴിത്തിന്റെ കാര്യത്തിൽ കടുംപിടിത്തം സ്വീകരിക്കുന്നത് ഉചിതമല്ല. വ്യവസായ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ലക്ഷക്കണക്കിനു കോടികൾ മുടക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ആധുനികവും ലോകത്തെ മുൻനിര തുറമുഖങ്ങളെ വെല്ലാൻ പോകുന്നതുമായ വിഴിഞ്ഞം തുറമുഖത്തിന് 817 കോടി രൂപ ഗ്രാന്റായി നൽകുന്നതിലൂടെ കേന്ദ്രത്തിന് പ്രത്യേക ചേതമൊന്നും സംഭവിക്കാൻ പോകുന്നില്ല. വിവേചനം ചൂണ്ടിക്കാണിച്ചും വയബിലിറ്റി ഗ്യാപ് ഫണ്ട് ഗ്രാന്റായിത്തന്നെ പരിഗണിക്കണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് കത്തയച്ചിട്ടുണ്ട്. കത്തിനോട് അനുകൂല പ്രതികരണമാണ് കേരളം പ്രതീക്ഷിക്കുന്നത്.
വയബിലിറ്റി ഗ്യാപ് ഫണ്ട് കേരളം തിരിച്ചടയ്ക്കണമെന്ന പുതിയ നിർദ്ദേശം സംസ്ഥാനത്തിന് പുതിയ തലവേദനയാകാതിരിക്കണമെങ്കിൽ ഇപ്പോഴത്തെ തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്തിരിയുക തന്നെ വേണം. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി മുടക്കുന്ന 8857 കോടി രൂപയിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ആ നിലയ്ക്ക് ഗ്യാപ് ഫണ്ട് കൂടി തിരിച്ചടയ്ക്കണമെന്ന നിർദ്ദേശം സാമാന്യ നീതിക്ക് നിരക്കുന്നതല്ല. അദാനിയുടെ തന്നെ മറ്റിടങ്ങളിലെ പദ്ധതികളോടെ ഉദാര സമീപനം തുടരുമ്പോൾ, വിഴിഞ്ഞം കേരളത്തിലായിപ്പോയതുകൊണ്ടാണോ കേന്ദ്രം പുതിയ വ്യവസ്ഥകളുമായി വരുന്നതെന്ന് സംശയിച്ചാൽ എങ്ങനെ അല്ലെന്നു പറയാനാകും? പ്രവർത്തനം തുടങ്ങാനൊരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തിന് അവസാന നിമിഷം പുതിയ കുരുക്കൊന്നും ഉണ്ടാക്കിവയ്ക്കാതിരിക്കാനുള്ള ഔചിത്യം കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |