കൊല്ലം: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി, കുടുംബശ്രീയുടെ 'ഉജ്ജീവനം' മുഖേന ഇതുവരെ 156 കുടുംബങ്ങൾക്ക് വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ വിതരണം ചെയ്തത് 70 ലക്ഷത്തിലധികം രൂപ. ലോഷൻ നിർമ്മാണം, ലോട്ടറിക്കച്ചവടം, പേപ്പർ ബാഗ് നിർമ്മാണം, അച്ചാർ യൂണിറ്റ്, മുട്ടക്കോഴി വളർത്തൽ, സ്റ്റിച്ചിംഗ് യൂണിറ്റ്, മെഴുകുതിരി നിർമ്മാണം, തട്ടുകട, പലചരക്ക് വ്യാപാരം, കശുഅണ്ടി സംസ്‌കരണ യൂണിറ്റ്, മറ്റ് മൈക്രോസംരംഭങ്ങൾ എന്നിവ ആരംഭിക്കാനാണ് പരമാവധി 50,000 രൂപ വരെ വിതരണം ചെയ്തത്.
അതിദരിദ്രരെ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾ നൽകിയ പട്ടികയിൽ നിന്ന് ആറ് പൊതുഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിലൂടെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കി. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം, പ്രത്യേക വിഭാഗം (എസ്.സി, എസ്.ടി), പ്രത്യേക ദുർബല വിഭാഗം തുടങ്ങിയ ഘടകങ്ങളാണ് സർവേയ്ക്ക് ആധാരമാക്കിയത്. കുടുംബശ്രീ അധികൃതർ ഭവന സന്ദർശനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ പ്രത്യേക മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്തുകയും. തുടർന്ന് ഓരോ കുടുംബത്തിനും ആവശ്യമായ ഉപജീവന പ്രവർത്തനങ്ങളുടെ പട്ടിക പ്രകാരമാണ് അവ തുടങ്ങാൻ സഹായം നൽകിയത്.
തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ ഈ കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്നു മോചിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ജില്ലയിലെ അതിദരിദ്രരായി കണ്ടെത്തിയിരിക്കുന്നത് 461 കുടുംബങ്ങളെയാണെങ്കിലും ഉപജീവനം ആശ്യമാണെന്ന് കണ്ടെത്തിയത് 156 കുടുംബങ്ങൾക്കായിരുന്നു. ആദ്യഘട്ടമായി ജില്ലയിൽ 87 സംരംഭങ്ങളാണ് പ്രവർത്തനം ആരംഭിച്ചത്. മറ്റിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സംരംഭ യൂണിറ്റുകൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്.
സുസ്ഥിര വരുമാനം ലക്ഷ്യം
സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ഇവർക്ക് വേണ്ട സഹായം നൽകാൻ 17 സോഷ്യൽ ഡവലപ്‌മെന്റ് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരെ നിയോഗിച്ചിരുന്നു. 2023 നവംബർ 1 മുതൽ 2024 ഫെബ്രുവരി 10 വരെയുള്ള 100 ദിവസത്തിനുള്ളിലാണ് അതിദരിദ്രരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള സർവേ പൂർത്തീകരിച്ച് റിപ്പോർട്ട് അധികൃതർക്ക് കൈമാറിയത്. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് സുസ്ഥിര ഉപജീവനമാർഗം ഉറപ്പുവരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഉജ്ജീവനം പദ്ധതി ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |