കേണിച്ചിറ(വയനാട്): അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോൺ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അവർ.
യാതൊരു ചർച്ചയുമില്ലാതെ സർക്കാർ ജനവാസ മേഖലകളെ ബഫർസോണായി പ്രഖ്യാപിക്കുകയാണ്. കൃഷി ശക്തിപ്പെടുത്തി തൊഴിൽ സൃഷ്ടിക്കുന്നതിനുപകരം കേന്ദ്രസർക്കാർ കാർഷിക മേഖലയെ അവഗണിക്കുന്നു. രാജ്യത്തെ യഥാർത്ഥപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചർച്ച ചെയ്യപ്പെടുന്നില്ല. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും ഏറ്റവും ഉയരത്തിലെത്തി. വയനാട് ദുരന്തത്തിൽ ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. മഹാദുരന്തത്തെ പോലും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
വയനാടിന്റെ ആത്മാവ് ആദിവാസി സമൂഹമാണ്. എന്നാൽ അവരുടെ അവകാശങ്ങൾ ഓരോ ദിവസവും കേന്ദ്രസർക്കാർ എടുത്തുമാറ്റുകയാണ്. ആദിവാസികളുടെ ഭൂമികൾ കോർപ്പറേറ്റുകൾക്ക് പതിച്ചുനൽകി. മെഡിക്കൽ കോളേജ് എന്ന ബോർഡ് മാത്രമാണ് വയനാട്ടിലുള്ളതെന്നും രാത്രി യാത്രാ നിരോധനം മൂലം ജനം ബുദ്ധിമുട്ടുകയാണെന്നും പ്രിയങ്ക പറഞ്ഞു.
എം.പിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ്, സജീവ് ജോസഫ്, ചാണ്ടി ഉമ്മൻ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.വിശ്വനാഥൻ, ജോഷി കണ്ടത്തിൽ, വർഗീസ് മുരിയങ്കാവിൽ, ടി.പി.രാജശേഖർ, മാടാക്കര അബ്ദുള്ള, മുഹമ്മദ് ബഷീർ, നാരായണൻ നായർ, ബീന ജോസ്, മിനി പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |