ന്യൂഡൽഹി: പ്രീണന രാഷ്‌ട്രീയം മുഖമുദ്രയാക്കിയ ജാർഖണ്ഡിലെ ജെ.എം.എം നേതൃത്വത്തിലുള്ള സർക്കാർ ബംഗ്ളാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിച്ചെന്നും സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന് അത് ഭീഷണിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്നണിയുടെ പ്രീണന രാഷ്‌ട്രീയം മടുത്ത ജനം താമരവിരിയിക്കാൻ കാത്തിരിക്കുകയാണെന്നും ജാർഖണ്ഡിലെ പ്രചാരണത്തിന് തുടക്കം കുറിച്ച് ഗർവാ ജില്ലയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സിംഗ്ഭും കോൽഹാൻ ഡിവിഷനിലെ ചൈബാസയിൽ മറ്റൊരു യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
ബി.ജെ.പി അധികാരത്തിലെത്തിയാൽ 2,000 രൂപ തൊഴിലില്ലായ്‌മ വേതനം നൽകുമെന്നും ചേരികളിൽ താമസിക്കുന്നവർക്ക് വീടു വച്ചു നൽകുമെന്നും മോദി പ്രഖ്യാപിച്ചു. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ" മുന്നണി സർക്കാർ പ്രീണന രാഷ്ട്രീയവും സ്വജനപക്ഷപാതവുമാണ് നടപ്പാക്കിയത്. ജനങ്ങളുടെ ഭൂമിയും സ്വത്തും നുഴഞ്ഞുകയറ്റക്കാർക്ക് നൽകിയ ജെ.എം.എം-കോൺഗ്രസ്- ആർ.ജെ.ഡി സഖ്യം തുടർന്നാൽ ജാർഖണ്ഡിൽ ആദിവാസി സമൂഹം ചുരുങ്ങും. ബി.ജെ.പിക്ക് വോട്ടു ചെയ്ത് നുഴഞ്ഞുകയറ്റ സഖ്യത്തെ പിഴുതെറിയണമെന്നും ഗർവാ ബ്ലോക്കിലെ ചെന്ത ഗ്രാമത്തിലെ ശ്രീകൃഷ്ണ ഗൗശാല ഗ്രൗണ്ടിൽ നടന്ന റാലിയിൽ മോദി പറഞ്ഞു.
സർക്കാർ സംവിധാനത്തിൽ നുഴഞ്ഞുകയറ്റം നടന്നത് അവർ കണ്ടില്ലെന്ന് നടിച്ചു. സാമൂഹിക ഘടന തകർക്കാൻ ഉത്സുകരായ മൂന്ന് പാർട്ടികളും നുഴഞ്ഞുകയറ്റക്കാരുടെ പിന്തുണക്കാരാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ജാർഖണ്ഡിലെമ്പാടും കുടിയിരുത്തുകയാണ്. 'ഇന്ത്യ" മുന്നണി നുഴഞ്ഞുകയറ്റക്കാരുടെ സഖ്യവും മാഫിയകളുടെ അടിമകളുമാണെന്നും അദ്ദേഹം ആരോപിച്ചു.
ജെ.എം.എം സർക്കാരിൽ ഗുരുതര അഴിമതി ആരോപണങ്ങൾ നേരിടാത്തവരായി ആരുമില്ല. അഴിമതി ദരിദ്രരെയും ദളിതരെയും പിന്നാക്കക്കാരെയും ആദിവാസികളെയും നശിപ്പിക്കുന്നു. മൂന്ന് പാർട്ടികളും അധികാരത്തിന്റെ താക്കോൽ കുടുംബത്തിന്റെ കൈയിൽ മാത്രം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സ്വന്തം കുടുംബത്തെ അധികാരത്തിലുറപ്പിക്കാൻ അവർ ആദിവാസി നേതാവായ ചമ്പൈ സോറനെ അപമാനിച്ചെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |