തിരുവനന്തപുരം: അഞ്ച് വയസായപ്പോഴേ ആക്യുൽ എം. അജുവിന് പേടിക്കാൻ ഇഷ്ടമായിരുന്നു. 15 വയസായപ്പോൾ എഴുത്തിലൂടെ വായനക്കാരെയും പേടിപ്പിച്ചു. 46 ഹൊറർ കഥകളടങ്ങിയ 'ദി സ്ട്രിംഗിറ്റ്" എന്ന ചെറുകഥാസമാഹാരമാണ് അതിനായി ഒരുക്കിയത്. ആമസോണിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് 'ദി സ്ട്രിംഗിറ്റ്". പത്താം ക്ലാസിലായിരുന്നപ്പോൾ കഴിഞ്ഞ ജനുവരിയിലാണ് പുസ്തകം പുറത്തിറങ്ങിയത്.
മുക്കോല സെന്റ് തോമസ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്യുൽ. സീരിയൽ സഹ സംവിധായകനായ അച്ഛൻ അജു എസ്. ശിവനാണ് മനസിൽ ഹൊറർ നിറച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആക്യുൽ അച്ഛനൊപ്പം ആദ്യമായി തിയേറ്ററിൽ പോയി ഹൊറർ സിനിമ കണ്ടത്- 'ദി കോഞ്ചുറിംഗ്" പാർട്ട് വൺ. അതുകണ്ട് വീട്ടിലെത്തിയ ആക്യുൽ പിന്നെ ഹൊറർ സിനിമ കാണുന്നത് പതിവാക്കി. ഹൊറർ നോവലുകളും ചെറുകഥകളും തേടിപ്പിടിച്ച് വായിച്ചു. മണ്ണന്തലയിലെ വീടായ 'വൈശാഖ'ത്തിലെ ഷെൽഫ് മുഴുവൻ ഹൊറർ പുസ്തകങ്ങളാണ്.
പിന്നെ ഓരോരോ കഥകൾ എഴുതി. അങ്ങനെ ആറു മുതൽ 15 വയസുവരെ എഴുതിയ കഥകളാണ് 'ദി സ്ട്രിംഗ്റ്റിലുള്ളത്'. അതിലൊരു കളയിലെ വില്ലന്റെ പേരാണ് 'ദി സ്ട്രിംഗ്റ്റ്. 'ഞാൻ കണ്ടെത്തിയ ടൈറ്റിലാണിത്. ആദ്യം ഒരു നോർമൽ ടൈറ്റിലായിരുന്നു. എല്ലാം നോർമലായി പോകരുതല്ലോ''- ആക്യുൽ ചിരിച്ചുകൊണ്ടു പറഞ്ഞു. സംഗീതം നിറഞ്ഞ പ്രണയ നോവലിന്റെ പണിപ്പുരയിലാണ് ആക്യുൽ. പേര് 'ഫെതർ ഓൺ ദി പിയാനോ'.
ഫഹദ് ഫാസിലിനുള്ള കഥ റെഡി
പ്ലസ് ടു കഴിഞ്ഞാൽ സിനിമയിലേക്ക് കടക്കാനാണ് ആക്യുലിന്റെ പ്ലാൻ. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കുന്നതിനുള്ള രണ്ട് കഥകളുടെ വൺ ലൈൻ തയ്യാറാണ്. ഫഹദിനെക്കണ്ട് കഥ പറയണം. മലയാള സിനിമ യഥാർത്ഥ്യമായാൽ പിന്നെ ഹോളിവുഡിലേക്ക്. അതാണ് ആക്യുലിന്റെ ലക്ഷ്യം.
'ഇവന്റെ ഹൊറർ താത്പര്യം കണ്ട് ചെറിയൊരുപേടി എനിക്കുമുണ്ടായിരുന്നു. ഹൊറർ വായിച്ച് പേടിക്കും മനസ് മാറുമെന്നായിരുന്നു ചിന്ത. അതൊന്നുമുണ്ടായില്ല''.
- അഡ്വ. മിനി, ആക്യുലിന്റെ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |