തിരുവനന്തപുരം: എക്‌സൈസ് വിഭാഗത്തിലെ വനിതാ സിവില്‍ ഓഫീസര്‍ എസ്.എന്‍ ഷാനിദയുടെ മരണം വെറുമൊരു സഹപ്രവര്‍ത്തകയുടെ വേര്‍പാട് മാത്രമല്ല കൂടെ ജോലി ചെയ്യുന്നവര്‍ക്ക്. ജോലി കഴിഞ്ഞ് മടങ്ങവേ അപകടത്തില്‍പ്പെടുകയും ചികിത്സയിലിരിക്കെ മരണമടയുകയുമായിരുന്നു ഷാനിദ. എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ മിടുക്കിയായ ഉദ്യോഗസ്ഥയായിരുന്നു അവര്‍. ലഹരി വേട്ടക്കേസിലെ സ്ഥിരം സാന്നിദ്ധ്യമായ ഉദ്യോഗസ്ഥയുടെ മരണവും ഒരു കേസന്വേഷണത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു.
തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതിയുടെ വിശദാംശങ്ങള്‍ ശേഖരിക്കാനായി പോയിവരുമ്പോള്‍ ആണ് സ്‌കൂട്ടര്‍ അപകടം ജീവനെടുത്തത് എന്ന് ഓര്‍ക്കുമ്പോള്‍ അത് താങ്ങാവുന്നതിലുമപ്പുറമാണ് സഹപ്രവര്‍ത്തകര്‍ക്ക്. തലസ്ഥാന നഗരത്തിലെ വഞ്ചിയൂര്‍, മെഡിക്കല്‍കോളേജ്, കണ്ണമൂല ഭാഗത്തെ കേസുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ മൊഴി ശേഖരിച്ച ശേഷം മടങ്ങുമ്പോഴാണ് ഷാനിദ അപകടത്തില്‍പ്പെട്ടതും പിന്നീട് മരിച്ചതും.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം പാറ്റൂര്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഷാനിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഷാനിദ റോഡിന്റെ എതിര്‍വശത്തേക്ക് തെറിച്ച് വീഴുകയും എതിരേ വന്ന കാര്‍ ഇടിക്കുകയുമായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ഷാനിദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നസീര്‍ ആണ് ഭര്‍ത്താവ്. മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ എന്നിവര്‍ മക്കളാണ്. നഗരത്തില്‍ എക്‌സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ക്രോഡീകരിച്ച് ഞായറാഴ്ചകളില്‍ പരിശോധനയ്ക്ക് പോകാറാണ് പതിവ്. ഇത്തരത്തില്‍ ഒരു പരാതിയില്‍ സ്ത്രീയുടെ മൊഴിയെടുത്ത് മടങ്ങവെയായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |