കൊച്ചി: ബീറ്റ് സംഗീതപ്രേമികള്‍ക്ക് ആവേശം പകരാന്‍ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി 'ഓപ്പണ്‍എയര്‍' മ്യൂസിക് ഫെസ്റ്റിവല്‍ നവംബര്‍ 15,16 തീയ്യതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. ജര്‍മനി, ബ്രസീല്‍, ഉെക്രയില്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓലിവര്‍ ഹണ്ട്മാന്‍, മഗ്ദെലന, മാഷ വിന്‍സെന്റ്, ഒലി ക്ലാര്‍സ്, സില്‍വര്‍ഫോക്സ് തുടങ്ങിയവര്‍ക്കൊപ്പം ബുള്‍സ് ഐ, സീക്വല്‍, ഡിജെ ശേഖര്‍, അഖില്‍ ആന്റണി, പള്‍സ് മോഡുലേറ്റര്‍, ബീറ്റ് ഇന്‍സ്‌പെക്ടര്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പത്തോളം ബീറ്റ് സംഗീതവിദഗ്ദര്‍ പരിപാടിയില്‍ മാറ്റുരയ്ക്കും. യുവജനങ്ങളായ വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിച്ച് ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പണ്‍എയര്‍ സംഗീതനിശ സംഘടിപ്പിക്കുന്നത്.
ലോക പ്രശസ്തരും പ്രാദേശിക പ്രതിഭകളുമായ ബീറ്റ് സംഗീതവിദഗ്ധരെ ഒരുമിച്ചുകൊണ്ടു വന്ന് വിദേശികളായ യുവജനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിച്ച് ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക എന്നതാണ് ഓപ്പണ്‍എയര്‍ മ്യൂസിക് ഫെസ്റ്റിവെല്‍ ലക്ഷ്യമിടുന്നത്. 2022ല്‍ കൊല്ലം ജഡായു പാറയില്‍ സംഘടിപ്പിച്ച സര്‍ക്കിള്‍ ഷോ മികച്ച സ്വീകാര്യത നേടിയിരുന്നു. യൂ ട്യൂബില്‍ 2.5 മില്ല്യണിലധികം ആളുകളാണ് ഇതിന്റെ വീഡിയോ കണ്ടിട്ടുള്ളത്. ദുബായ്, ഗോവ എന്നിവിടങ്ങളില്‍ ഇതിനകം ഓപ്പണ്‍എയര്‍ സംഗീതനിശ സംഘടിപ്പിച്ചിട്ടുണ്ട്. ബീറ്റ് സംഗീതം ഇഷ്ടപ്പെടുന്ന കേരളത്തിലെ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമാകുന്ന ഈ സംഗീതനിശ മികച്ച അവസരമായിരിക്കും തുറന്നിടുന്നത്. ഓപ്പണ്‍എയര്‍ മ്യൂസിക് ഫെസ്റ്റിവെല്ലിന്റെ അടുത്ത എഡിഷന്‍ ദുബായില്‍ നടക്കും.
സ്വിഗ്ഗിയുമായി ചേര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഭക്ഷണസ്റ്റാളുകളും, വിവിധ എക്സിബിഷനുകളും ഒരുക്കും. കേരളത്തിനകത്തും പുറത്തു നിന്നുമായെത്തുന്ന 5000 ഓളം പേര്‍ക്ക് സംഗീതനിശയില്‍ പങ്കെടുക്കാം. പാക്സ് ഈവന്റ്സാണ് സംഘാടകര്‍. ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |