പാറശാല: പാറശാല നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട റെയിൽവേ ലെവൽ ക്രോസുകളായ അമരവിള-കാരക്കോണം റോഡിലെ ഏയ്തുകൊണ്ടാൻകാണിയിലും, അമരവിള-ഒറ്റശേഖരമംഗലം റോഡിലെ കണ്ണൻകുഴിയിലും, റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുന്നതിനും പരശുവയ്ക്കലിൽ നിലവിലെ ഓവർബ്രിഡ്ജ് പുനർനവീകരിക്കുന്നതിനും തീരുമാനമായി.
അമരവിള-കാരക്കോണം, അമരവിള-ഒറ്റശേഖരമംഗലം എന്നീ റോഡുകൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പ്രവർത്തനം നടന്നു വരികയാണ്. ഈ പദ്ധതിയിലുൾപ്പെടുത്തി തന്നെ ഇവിടെ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ സംസ്ഥാന സർക്കാർ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നെങ്കിലും നാഗർകോവിൽ-തിരുവനന്തപുരം റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള അനുമതി റെയിൽവേ നൽകിയിരുന്നില്ല.
കേന്ദ്ര റെയിൽ മന്ത്രിയുമായും ദക്ഷിണ റെയിൽവേയുടെ ചുമതലയുള്ള സെക്രട്ടറിയുമായും നേരിൽ സംസാരിക്കുകയും ഇവിടെ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ ഇടപെടലുകളുടെ ഫലമായാണ് നാഗർകോവിൽ തിരുവനന്തപുരം റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പദ്ധതിയിൽ തന്നെ പദ്ധതിക്കായുള്ള പ്രാഥമിക അനുമതി ലഭ്യമായത്.
പ്രവർത്തനങ്ങൾ മുന്നോട്ട്
പരശുവയ്ക്കലിൽ സബ്‌വേ നിർമ്മിക്കുന്നതിലെ അശാസ്ത്രീയതയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പാർലമെന്റ് അംഗമായ ശിവദാസനും ചേർന്ന് കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാറിനെ നേരിൽ സന്ദർശിച്ച് പ്രസ്തുത വിഷയം ഉൾപ്പെടുത്തിയ നിവേദനം സമർപ്പിച്ചു. കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാൻ ഏയ്തുകൊണ്ടാൻകാണിയിലും കണ്ണൻകുഴിയിലും പുതുതായി റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുന്നതിനും പരശുവയ്ക്കലിൽ സബ്‌വേ ഒഴിവാക്കി ലാൻഡ് അക്വിസിഷൻ മുഖേന ഭൂമി ഏറ്റെടുത്ത് നിലവിലെ ഓവർബ്രിഡ്ജ് പുനർനവീകരിക്കുന്നതിനും ദക്ഷിണ റെയിൽവേയ്ക്ക് നിർദ്ദേശം നൽകി. വൈകാതെ ഇതിലേക്കുള്ള ഡി.പി.ആർ തയ്യാറാക്കി തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |