ഇടുക്കി: മദ്യലഹരിയിലായിരുന്ന യുവാവിന്റെ ആക്രമണത്തിൽ വാർഡ് മെമ്പർക്ക് കുത്തേറ്റു. മാങ്കുളം പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാങ്കുളം ടൗണിൽ വച്ചായിരുന്നു ആക്രമണം. മാങ്കുളം സ്വദേശി ബിനോയ് എന്ന യുവാവാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നു.സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ യുവാവിനെ മദ്യലഹരിയിൽ പതിനാറുകാരൻ കുത്തിക്കൊന്നിരുന്നു. തൃശൂർ പാലിയം സ്വദേശി ലിവിൻ ആണ് മരിച്ചത്. പാലസ് റോഡിന് സമീപം വച്ചാണ് ലിവിനെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുത്തിയത്. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്നാണ് പതിനാറുകാരൻ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിന്റെ വിശദ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതികളായ സ്‌കൂൾ വിദ്യാർത്ഥികൾ രണ്ട് പെൺകുട്ടികൾക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെൺകുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് കണ്ടതോടെ ലിവിൻ ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ തർക്കമായി. ഇതിനിടെയാണ് വിദ്യാർത്ഥികളിലൊരാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒറ്റക്കുത്തിൽ തന്നെ ലിവിൻ മരണപ്പെട്ടതായി പൊലീസ് പറയുന്നു. നെഞ്ചത്താണ് കുത്തേറ്റത്. തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ 14കാരനും അറസ്റ്റിലായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |