തിരുവനന്തപുരം: ഹിന്ദു, മുസ്ലിം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാറിന്റെ റിപ്പോർട്ട്.
ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന് റിപ്പോർട്ട് കൈമാറി.
ഗൂഗിളും വാട്സാപ്പും ഇന്റർനെറ്റ് സേവനദാതാക്കളും ഹാക്കിംഗ് നിഷേധിക്കുന്നു. ഫോറൻസിക് പരിശോധനയിലും ഹാക്കിംഗ് കണ്ടെത്താനായില്ല. ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്തിരിക്കുന്നതിനാൽ ഹാക്കിംഗ് തിരിച്ചറിയാനാവുന്നില്ല. ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ.പി വിലാസം ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും അറിയിച്ചു. ഈ റിപ്പോർട്ടുകളടക്കമാണ് ഡി.ജി.പിക്ക് കൈമാറിയത്.
ഗ്രൂപ്പുകളുണ്ടാക്കിയെന്നല്ലാതെ സന്ദേശങ്ങൾ കൈമാറിയിട്ടില്ലാത്തതിനാൽ കേസെടുക്കേണ്ടെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ തീരുമാനം. സർക്കാർ നിർദ്ദേശപ്രകാരമായിരിക്കും തുടർനടപടി. ഒക്ടോബർ 30നാണ് ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പുകളുണ്ടാക്കിയത്. വിവരം പുറത്തറിഞ്ഞ ശേഷമാണ് പരാതിനൽകിയത്.
അതേസമയം, തന്റെ ഫോൺ ഹാക്ക്ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നും സുഹൃത്തുക്കൾ പറഞ്ഞാണ് വിവരമറിഞ്ഞതെന്നുമുള്ള മൊഴി ആവർത്തിക്കുകയാണ് ഗോപാലകൃഷ്ണൻ. എന്നാൽ, വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടാൽ പിന്നീട് അത് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യാൻ കഴിയില്ലെന്ന് പൊലീസ് പറയുന്നു. വേറെ ഐ.പി വിലാസങ്ങൾ കണ്ടെത്താനാവാത്തതും ഹാക്കിംഗ് വാദം പൊളിക്കുന്നതാണ്. ഹിന്ദു ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുണ്ടാക്കിയത് പുറത്തറിഞ്ഞതോടെ മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുമുണ്ടാക്കി.
പിന്തുണച്ച് വി.എച്ച്.പി
ഗോപാലകൃഷ്ണന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ഹിന്ദുക്കൾക്കായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നത് കേരളത്തിൽ കുറ്റമാണോയെന്നും മറ്റ് മതസ്ഥരുണ്ടാക്കിയ ഗ്രൂപ്പുകളും സർക്കാർ നിരോധിക്കുമോയെന്നും വി.എച്ച്.പി വക്താവ് വിനോദ് ബൻസാൽ ചോദിച്ചു. ഗോപാലകൃഷ്ണനെ ഇരയാക്കാനാണ് സർക്കാർ ശ്രമം. ഹിന്ദു വിരുദ്ധ, ജിഹാദി, മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സർക്കാർ എന്ത് നടപടിയെടുത്തെന്നും ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |