2018ലെ വെള്ളപ്പൊക്കെത്തിന്റെ രൂക്ഷത അനുഭവിച്ചവരിൽ മുന്നിലാണ് നടി മല്ലികാ സുകുമാരൻ. വെള്ളപ്പൊക്കത്തിൽ മല്ലിക താമസിക്കുന്ന വീട്ടിലേക്ക് വെള്ളം കയറുകയും ഒടുവിൽ ജനപ്രതിനിധികൾ അടക്കം ചേർന്ന് വാർപ്പിൽ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. വീടിന് പിന്നിലുള്ള കനാൽ ചിലർ കൈയേറിയതും ഡാമുകൾ ഒരുമിച്ച് തുറന്നു വിട്ടതുമായിരുന്നു പ്രദേശത്ത് വെള്ളം കയറാൻ കാരണമെന്ന് മല്ലിക അന്നുതന്നെ വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മുഖ്യമന്ത്രിയെ കാണാനുള്ള സമയമായി എന്ന് പറയുകയാണ് മല്ലിക. അന്ന് ദ്രുതഗതിയിൽ പരിഹരിച്ച പ്രശ്നം പൂർത്തിയാകാത്തതാണ് തന്നെ അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും അവർ പറയുന്നു. തിരുവനന്തപുരം കോർപ്പറേഷനാണ് അത് ചെയ്യേണ്ടതെന്നും എന്നാൽ അവർ അതിന് തയ്യാറാകുന്നില്ലെന്നും മല്ലികാ സുകുമാരൻ പ്രതികരിച്ചു.
''ഏത് സർക്കാരിന്റെ ആളുകൾ ആണെങ്കിലും ഏതു മന്ത്രിസഭയാണെങ്കിലും ഞാൻ പറയുന്നത് ആത്മാർത്ഥമായ കാര്യമാണെന്ന് അവർക്കെല്ലാം അറിയാം. അല്ലാതെ രാഷ്‌ട്രീയമായതുകൊണ്ട് കുറ്റപ്പെടുത്താൻ വേണ്ടി കണ്ടുപിടിച്ചൊന്നും പറയാറില്ല. നാലഞ്ച് വർഷമായിട്ട് പലരീതിയിൽ ശ്രമിച്ചിട്ടും നടക്കാത്ത ഒരു കാര്യം ഒറ്റതവണ പോയി കണ്ടപ്പോൾ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ശരിയാക്കി തന്നു.
2018ൽ എല്ലാ ഡാമും കൂടി തുറന്നുവിട്ടപ്പോഴാണ് ഞാൻ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയത്. അല്ലാതെ, അവിടെ എപ്പോഴുമൊന്നും വെള്ളം കയറുന്ന സ്ഥലമല്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ചെന്നുകണ്ടത്. ഇതെന്താ സംഭവം എന്നാണ് ആദ്യം അദ്ദേഹം ചോദിച്ചത്. കാര്യം കേട്ട ഉടൻ തന്നെ ആക്ഷൻ എടുത്തു. പക്ഷേ അതിന് ശേഷം ഇപ്പോഴും കുറച്ച് വർക്ക് പെൻഡിംഗ് ആയി കിടക്കുകയാണ്. ചെയ്യേണ്ടത് തിരുവനന്തപുരം കോർപ്പറേഷനും. അത് നീങ്ങാത്തതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ വീണ്ടും കാണണമെന്നാണ് വിചാരിക്കുന്നത്. ''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |