കൽപ്പറ്റ: മുന്നൂറിലേറെപ്പേരുടെ ജീവനെടുത്ത മുണ്ടക്കൈ, ചൂരൽമല ദുരന്തസ്ഥലത്ത് നിയമിച്ച ചില റവന്യൂ ഉദ്യോഗസ്ഥരുടെ താമസവും ഭക്ഷണവും ഫൈവ് സ്റ്റാർ ഹോട്ടലിൽ. 48 ദിവസത്തേക്ക് ഒരാളുടെ ഹോട്ടൽ ബിൽ 1,92,000 രൂപ. മറ്റൊരാളുടേത് രണ്ട് ലക്ഷത്തിന് മുകളിൽ. ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട കുടുംബങ്ങൾ താമസിക്കുന്നത് മാസം 6000 രൂപ മാത്രം വാടകയ്ക്കാണ്. അതുതന്നെ പല കുടുംബങ്ങൾക്കും ലഭിച്ചില്ലെന്ന പരാതിയും നിലനിൽക്കെയാണ് ഉദ്യോഗസ്ഥരുടെ കണ്ണിൽ ചോരയില്ലാത്ത ധൂർത്തിന്റെയും സുഖവാസത്തിന്റെയും വിവരം പുറത്തുവന്നത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിച്ചുകിട്ടാൻ ഇവർ ബിൽ സമർപ്പിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തു നിന്ന് നിയോഗിക്കപ്പെട്ട ഡെപ്യൂട്ടി കളക്ടർ അജീഷ് ജില്ലയിലെത്തിയതു മുതൽ താമസിക്കുന്നത് പ്രതിദിനം 4500 രൂപ വാടകയുള്ള ഹോട്ടലിലാണ്. ഇതുവരെയുള്ള വാടകയിനത്തിൽ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളാണ് ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. 1,92,000 രൂപയുടെ ബിൽ സമർപ്പിച്ച ഉദ്യോഗസ്ഥനാകട്ടെ താമസിച്ചത് ദിവസം 4000 രൂപ വാടകയുള്ള ഹോട്ടലിൽ.
പ്രത്യേകിച്ച് ചുമതലയൊന്നും വഹിക്കാത്ത ഉദ്യോഗസ്ഥരാണ് ഭീമമായ ബിൽ നൽകിയവരിൽ ചിലർ. ഇടയ്ക്കിടെവന്ന് തങ്ങിയശേഷം നാട്ടിൽ പോകുന്നവരുമുണ്ട്. ഇതുകൊണ്ടും തീരുന്നില്ല. ഐ.എ.എസുകാർ ഉൾപ്പെടെ താമസിച്ചതിന്റെ ബില്ലുകൾ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് മാറാനായി വേറെയും നൽകിയിട്ടുണ്ടെന്നറിയുന്നു.
രക്ഷാപ്രവർത്തന ദിനങ്ങളിലുൾപ്പെടെ ജില്ലാ കളക്ടറുടെ ചേമ്പറിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണമാണ് വിവിധ ഹോട്ടലുകളിൽ നിന്ന് എത്തിച്ചത്. ഇതിന്റെ ബില്ലുകളും മാറാനുള്ള നീക്കമാണ് നടക്കുന്നത്.
മന്ത്രിമാർ ഗസ്റ്റ് ഹൗസിൽ തട്ടുകടയിലെ ഭക്ഷണം
ദുരന്തഭൂമിയിൽ ആഴ്ചകൾ തങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് മന്ത്രിമാരായ കെ.രാജൻ, മുഹമ്മദ് റിയാസ്, ഒ.ആർ.കേളു, എ.കെ.ശശീന്ദ്രൻ എന്നിവരാണ്. സർക്കാർ ഗസ്റ്റ് ഹൗസിലായിരുന്നു ഇവരുടെ താമസം. ഭക്ഷണം സാമൂഹ്യ അടുക്കളയിൽ നിന്നും തട്ടുകടയിൽ നിന്നും.
ഉദ്യോഗസ്ഥരുടെ മനസ്സാക്ഷിയില്ലാത്ത ധൂർത്തിൽ സമഗ്ര അന്വേഷണം നടത്തണം
ഇ.ജെ.ബാബു, സി.പി.ഐ
വയനാട് ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |