തിരുവനന്തപുരം: കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മന്ത്രി വി എൻ വാസവൻ. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു (ട്വിന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി വിഴിഞ്ഞം പിന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കാർഗോ ശേഷി അളക്കുന്ന യൂണിറ്റാണ് ടിഇയു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയൽ റൺ ആരംഭിച്ച് നാല് മാസങ്ങൾ പിന്നിട്ടതോടെ ഒന്നിന് പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞു.
ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം. നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ടിഇയു ആണ് ഇവിടെ കൈകാര്യം ചെയ്തത്.
ജൂലായ് മാസത്തിൽ മൂന്ന്, സെപ്‌തംബറിൽ 12 ,ഒക്ടോബറിൽ 23, നവംബർ മാസത്തിൽ ഇതുവരെ എട്ട് എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം.
7.4 കോടി രൂപയുടെ വരുമാനമാണ് ജി.എസ്. ടി. ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരും. അങ്ങനെ വിഴിഞ്ഞം ഇന്ത്യയുടെ സുവർണ്ണതീരമായി മാറുകയാണ്'- മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |