വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് 46 കപ്പലുകളില്‍ നിന്നായി 4 മാസം കൊണ്ട് ഒരു ലക്ഷം കണ്ടെയ്‌നര്‍ നീക്കം നടന്നു. ഈ മാസത്തോടെ ഒന്നര ലക്ഷം കടക്കും. ഈ മാസം വിഴിഞ്ഞത്തേക്ക് വരുന്നത് 25 കപ്പലുകളാണ്. കഴിഞ്ഞ രാത്രി ഒരു ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്ത തുറമുഖമെന്ന നേട്ടം കൈവരിക്കാന്‍ വിഴിഞ്ഞം തുറമുഖത്തിനായി. കഴിഞ്ഞ രാത്രി വരെ 1,00807 ടി.ഇ.യു കൈകാര്യം ചെയ്തു.
ജി.എസ്.ടിയായി സര്‍ക്കാരിന് 7.4 കോടി രൂപയുടെ വരുമാനം ലഭിച്ചു. തുറമുഖ കമ്പനിക്ക് ലഭിച്ച വന്‍തുകയുടെ ചെറിയ ശതമാനം മാത്രമാണ് ജി.എസ്.ടിയായി ലഭിക്കുന്നത്. ജൂലായില്‍ 3കപ്പലും സെപ്തംബറില്‍ 12ഉം ഒക്ടോബറില്‍ 23 കപ്പലുകളും വിഴിഞ്ഞത്ത് ട്രയല്‍ റണ്‍ സമയത്തെത്തിയിരുന്നു. ഈ മാസം 8 കപ്പലുകളും എത്തുന്നതോടെ ഒന്നര ലക്ഷം ടി.ഇ.യു കടക്കും.
ഐ.സി.പി അനുമതി
തുറമുഖത്ത് ക്രൂ ചെയ്ഞ്ച് നടത്താനുള്ള ഐ.സി.പി (ഇമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റ്) അനുമതി വൈകാതെ ലഭിക്കുമെന്നാണ് സൂചന. ഫോറിനേഴ്സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നുള്ള ശുപാര്‍ശകളനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണ് ഐ.സി.പി അനുമതി ലഭിക്കുന്നത്. ക്രൂ ചെയ്ഞ്ച് ആരംഭിച്ചാല്‍ സര്‍ക്കാരിന് അധിക വരുമാനം കൂടാതെ പ്രാദേശിക വികസനവുമുണ്ടാകും.
അടിസ്ഥാന സൗകര്യം ഇതുവരെ
പോര്‍ട്ട് ഓപ്പറേഷന്‍ കെട്ടിടം, 220/33 കെ.വി സബ്സ്റ്റേഷന്‍,സെക്യൂരിറ്റി ബില്‍ഡിംഗ്, 33/11 കെ.വി പോര്‍ട്ട് സബ്സ്റ്റേഷന്‍,ഗേറ്റ് കോംപ്ലക്‌സ്,വര്‍ക്ക്ഷോപ്പ് കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു. പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിംഗ്, 220 കെ.വി ജി.ഐ.എസ് സബ് സ്റ്റേഷന്‍,ഗേറ്റ് കോംപ്ലക്‌സ്,33 കെ.വി/11കെ.വി പോര്‍ട്ട് സബ്സ്റ്റേഷന്‍, സെക്യൂരിറ്റി ബില്‍ഡിംഗ്,വര്‍ക്ക്ഷോപ്പ് കെട്ടിടങ്ങള്‍ എന്നിവ കമ്മിഷന്‍ ചെയ്തു.
അതിര്‍ത്തിയിലെ താത്കാലികചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കണ്ടെയ്‌നര്‍ ബാക്കപ്പ് യാര്‍ഡ് 63 ഹെക്ടര്‍ നികത്തിയെടുക്കല്‍ പൂര്‍ത്തിയായി. 2960 മീറ്റര്‍ ബ്രേക്ക് വാട്ടര്‍ പൂര്‍ത്തിയായി. സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 800 മീറ്റര്‍ കണ്ടെയ്‌നര്‍ ബെര്‍ത്ത് പൂര്‍ത്തിയായി. 1700 മീറ്ററില്‍ 600 മീറ്റര്‍ പോര്‍ട്ട് അപ്രോച്ച് റോഡ് കമ്മിഷന്‍ ചെയ്തു. 800 മീറ്ററില്‍ 600 മീറ്റര്‍ യാര്‍ഡും പൂര്‍ത്തിയായി. 200 മീറ്റര്‍ യാര്‍ഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്.
സ്‌കാനര്‍ ട്രയല്‍ റണ്‍
തുറമുഖത്തെത്തിച്ച അത്യാധുനിക സ്‌കാനര്‍ സ്ഥാപിച്ചതിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ഇതോടൊപ്പം ഗേറ്റ്, എന്‍ട്രി പാസ് എന്നിവയുടെ നിയന്ത്രണത്തിനുള്ള അക്‌സസ് കണ്‍ട്രോള്‍ യൂണിറ്റിന്റെയും പരീക്ഷണം ആരംഭിച്ചു.
രണ്ടാംഘട്ടം അടുത്ത മാസം മുതല്‍
രണ്ടാംഘട്ട തുറമുഖ നിര്‍മ്മാണ ഭാഗമായി പുലിമുട്ട് നിര്‍മ്മാണത്തിനുള്ള കരിങ്കല്ലുകള്‍ വിഴിഞ്ഞത്തെത്തി തുടങ്ങി. കിളിമാനൂരിലെ ക്വാറികളില്‍ ശേഖരിച്ചിരിക്കുന്ന കരിങ്കല്ലുകളാണ് ലോറി മാര്‍ഗം തുറമുഖ നിര്‍മ്മാണ സ്ഥലത്തെത്തിക്കുന്നത്. 150ഓളം ലോഡുകളാണ് ഇപ്പോള്‍ ദിവസവുമെത്തുന്നത്. തുറമുഖ കമ്മിഷനിംഗ് അടുത്തമാസം പകുതിയോടെ നടന്നാല്‍ അടുത്തമാസം മുതല്‍ രണ്ടാംഘട്ടത്തിനാവശ്യമായ പുലിമുട്ട് നിര്‍മ്മാണം ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |