കൊച്ചി: ഉദ്‌ഘാടനത്തിന് പിന്നാലെ സീപ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനംവകുപ്പ്. മാട്ടുപ്പെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്‌ടിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. സംയുക്ത പരിശോധനയിലാണ് വനംവകുപ്പ് ആശങ്ക അറിയിച്ചത്. നിലവിലെ പരീക്ഷണ ലാൻഡിംഗിന് എതിർപ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കുമെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. പരിസ്ഥിതി പ്രശ്‌നങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലൂടെ ആയിരിക്കും സീപ്ലെയിൻ പദ്ധതി നടപ്പാക്കുക. ഇന്ന് ട്രയൽ റണ്ണിന്റെ ഭാഗമായാണ് കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടി ഡാമിലേക്ക് സീപ്ലെയിൻ ഓടിച്ചതെന്നും മന്ത്രി പറഞ്ഞു. ഡാമിന് മുകളിൽ സീപ്ലെയിൻ ഓടിക്കുന്നതിൽ പ്രശ്‌നമുണ്ടാകില്ല. ഉമ്മൻ ചാണ്ടി സർക്കാർ സീപ്ലെയിൻ പദ്ധതി കൊണ്ടുവന്നപ്പോൾ ഇടത് ട്രേഡ് യൂണിയനുകൾ സമരം ചെയ്‌തതിലും റിയാസ് മറുപടി പറഞ്ഞു.
തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്‌തായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോവുക. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. കേന്ദ്ര നയം തന്നെ മാറി, കൂടുതൽ ഉദാരമായെന്നും റിയാസ് പറഞ്ഞു. മറ്റ് വിവാദങ്ങളിലേക്ക് ഇപ്പോൾ പോകേണ്ടതില്ല. യുഡിഎഫ് സർക്കാർ അന്ന് ചർച്ചപോലുംനടത്താതെയാണ് പദ്ധതി നടപ്പിലാക്കിയത്. അത് വേറെ സ്ഥലത്താണ് ആരംഭിച്ചത്. ഇപ്പോൾ കൊച്ചിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സീപ്ലെയിൻ പദ്ധതി ടൂറിസം മേഖലയുടെ മുഖം മാറ്റും. സാധാരണക്കാർക്കും ഗ്രൂപ്പ് ട്രിപ്പായി സീപ്ലെയിനിൽ യാത്ര ചെയ്യാനാകും. കുറഞ്ഞ ചെലവിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |