തിരുവനന്തപുരം: മൂന്ന് വർഷത്തെ,കുടിശിക നൽകാതെ,അടുത്ത അദ്ധ്യയന വർഷത്തെ സ്കൂൾ യൂണിഫോമിന് ഇൻഡന്റ് ക്ഷണിച്ച് വിദ്യാഭ്യാസ വകുപ്പ്. 176.34 കോടിയാണ്
2022- 23, 23-24, 24-25 അദ്ധ്യയന വർഷങ്ങളിലെ കുടിശിക. 22- 23 വർഷത്തെ കുടിശിക 49 കോടി. 23-24 ൽ 47 കോടി. 24-25 ൽ 80.34 കോടി..
ഒന്ന് മുതൽ എട്ടു വരെ ക്ളാസുകളിലായി 29.5 ലക്ഷത്തോളം കുട്ടികൾക്കാണ് സർക്കാർ സൗജന്യ യൂണിഫോം നൽകുന്നത്. ഗവ.സ്കൂളുകളിൽ തുണിത്തരമാണ് നൽകുന്നത്. എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ നാലു വരെ ക്ളാസുകളിൽ തുണിത്തരവും അഞ്ച് മുതൽ എട്ട് വരെ ക്ളാസുകളിൽ രണ്ട് ജോഡി യൂണിഫോമിനായി 600 രൂപ അലവൻസും നൽകും. 130 കോടി തുണിത്തരത്തിനും 80 കോടി അലവൻസിനുമായി 210 കോടിയാണ് ഒരു അദ്ധ്യയനവർഷം മാറ്റിവയ്ക്കുന്നത്. സർക്കാർ പണം നൽകുമെന്ന പ്രതീക്ഷയിൽ കടം വാങ്ങിയും മറ്റും സംഘടിപ്പിച്ച പ്രഥമാദ്ധ്യാപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഈ വർഷം മുതൽ തുണിത്തരത്തിനും അലവൻസിനും പ്രത്യേകം തുകയാണ് അനുവദിക്കുന്നത്. മുൻപ് രണ്ടും ചേർത്ത് അനുവദിക്കുമ്പോൾ തുണി വിതരണക്കാരുടെ പണം നൽകുന്നതിനായിരുന്നു പ്രഥമ പരിഗണന. ഇത് അലവൻസ് ലഭിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതിയ തീരുമാനം ആശ്വാസമായെങ്കിലും തുക നൽകാതെ എന്ത് പ്രയോജനമെന്ന് പ്രഥമാദ്ധ്യാപകർ ചോദിക്കുന്നു.
'യൂണിഫോം അലവൻസ് തുക പ്രഥമാദ്ധ്യാപകർ കടം വാങ്ങി ചെലവഴിച്ച സാഹചര്യത്തിൽ രണ്ട് അദ്ധ്യയന വർഷത്തെ കുടിശികയെങ്കിലും അടിയന്തരമായി അനുവദിക്കണം."
-ജി.സുനിൽ കുമാർ
ജനറൽ സെക്രട്ടറി
കേരള പ്രൈവറ്റ് പ്രൈമറി
ഹെഡ്മാസ്റ്റേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |