
തിരുവനന്തപുരം: യാത്രക്കാർ ട്രെയിനിൽ മദ്യപിച്ചുകയറി അക്രമമുണ്ടാക്കുന്നതിനെതിരെ ബിവറേജസ് കോർപറേഷന് കത്തയച്ച് റെയിൽവേ. ബെവ്‌കോ ഔട്ട്‌ലറ്റുകൾ അടച്ചുപൂട്ടാനാവശ്യപ്പെട്ടാണ് റെയിൽവേ കത്തയച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാര പരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ നിന്നാണ് കത്തുനൽകിയത്.
റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ദൂരപരിധിയിൽ നിന്ന് ബെവ്കോ ഔട്ട്‍ലറ്റുകൾ മാറ്റണമെന്നാണ് ആവശ്യം. കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിലാണ് റെയിൽവേയുടെ പുതിയ നീക്കം. കഴിഞ്ഞ നവംബർ രണ്ടിന് വർക്കലയിലായിരുന്നു സംഭവം. പ്രതി സുരേഷ് കുമാർ കോട്ടയത്തുനിന്ന് മദ്യപിച്ചാണ് ട്രെയിനിൽ കയറിയതെന്നും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പാലോട് സ്വദേശിയായ ശ്രീക്കുട്ടിയ്ക്ക് അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. പെൺകുട്ടിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചിരുന്നു.
ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്നത് റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ബെവ്കോ ഔട്ട്‌ലറ്റുകളാണെന്ന നിഗമനത്തിലാണ് റെയിൽവേ. ഇതിനിടെ, തൃശൂർ മുളങ്കുന്നത്തുകാവിലെ ബെവ്കോ ഔട്ട്‍ലറ്റിലേക്ക് ആളുകൾ പ്ലാറ്റ്ഫോം മറികടന്നുപോകുന്നത് ശല്യമാകുന്നുവെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്തിരുന്ന് മദ്യപിക്കുന്നെന്നും ചൂണ്ടിക്കാട്ടി മറ്റൊരു കത്ത് തൃശൂരിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ബെവ്കോയ്ക്ക് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |