ന്യൂഡൽഹി: മഹാരാഷ്‌ട്രയുടെ വികസനത്തിന് ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ തുടരേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സോലാപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷം കൂടി മഹാരാഷ്ട്രയ്ക്ക് സ്ഥിരതയുള്ള മഹായുതി സർക്കാർ ആവശ്യമാണ്. സുസ്ഥിരമായ സർക്കാരിന് മാത്രമേ ദീർഘകാല നയങ്ങൾ ഉണ്ടാക്കാൻ കഴിയൂ. കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡിയുടെ വാഹനം അസ്ഥിരമാണ്. അതിന് ചക്രങ്ങളോ ബ്രേക്കുകളോ ഇല്ല. ഓടിക്കാൻ അവർ പരസ്പരം പോരടിക്കുകയാണ്.
പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച കോൺഗ്രസിന് പല പ്രശ്നങ്ങളും പരിഹരിക്കാനായില്ല. അവർ ആളുകളെ വിവിധ പ്രശ്‌നങ്ങളിൽ കുടുക്കി. ഇതിന്റെ ഫലമായി കർഷകർ ദുരിതത്തിലാണ്. ജലസേചനം ഉറപ്പാക്കുന്നതിൽ കോൺഗ്രസും സഖ്യകക്ഷികളും പരാജയപ്പെട്ടു. മഹായുതി വന്ന ശേഷം ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സോലാപൂരിലെ നിരവധി ഗ്രാമങ്ങളിൽ ജലവിതാനം ഇപ്പോൾ ഉയരുകയാണ്.
സ്ത്രീശാക്തീകരണത്തിനായി മഹായുതി സർക്കാർ അഹോരാത്രം പ്രയത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഡ്കി ബഹിൻ യോജന സ്ത്രീകളോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്. എന്നാൽ പദ്ധതിക്കെതിരെ മഹാ വികാസ് അഘാഡി കോടതിയെ സമീപിച്ചു.
എത്തനോൾ സമ്പദ്‌വ്യവസ്ഥയിലൂടെ കരിമ്പ് കർഷകർക്ക് വരുമാനത്തിന്റെ പുതിയ വഴികൾ ഉണ്ടാക്കുകയാണ്. എത്തനോൾ സാങ്കേതികവിദ്യ നേരത്തെയും ഉണ്ടായിരുന്നെങ്കിലും മുൻ സർക്കാരുകൾ അത് അവഗണിച്ചു.
പ്രധാനമന്ത്രി ഭരണഘടന
കാണാത്തയാൾ: രാഹുൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭരണഘടന വായിക്കാതെ പ്രസ്‌താവനയിറക്കുന്ന ആളാണെന്ന് മഹാരാഷ്‌ട്രയിലെ ഗോണ്ടിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന വായിച്ചിരുന്നെങ്കിൽ, പ്രധാനമന്ത്രി ബഹുമാനിക്കുമായിരുന്നു. എല്ലാ ദിവസവും ആക്രമിക്കില്ലായിരുന്നു-അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ആശയപരവും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടമാണെന്നും രാഹുൽ പറഞ്ഞു. ഇത് സ്‌നേഹവും വെറുപ്പും തമ്മിലുള്ള പോരാട്ടമാണ്. ഗാന്ധിജിയെയും അംബേദ്കറുടെയും ഭരണഘടന തിരുത്താനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ശ്രമങ്ങളെ കോൺഗ്രസ് പ്രതിരോധിക്കുന്നു. അവർ ഭരണഘടനാ സ്ഥാപനങ്ങളിൽ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റുന്നു. എം.എൽ.എമാർക്ക് കൈക്കൂലി നൽകിയാണ് ബി.ജെ.പി സർക്കാർ നിലനിർത്തിയതെന്നും രാഹുൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |