കേരളത്തിന്റെ ടൂറിസം മേഖലയിൽ പുതിയ പ്രതീക്ഷയുടെ ചിറകു വിരിച്ച് സീപ്ളെയിൻ സർവീസ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ജലാശയങ്ങളിൽ നിന്ന് പറന്നുയരാനും താഴ്ന്നിറങ്ങാനും സാധിക്കുന്ന പ്രത്യേക വിമാനമാണ് സീപ്ളെയിൻ. വെള്ളത്തിലൂടെ ബോട്ട് പോലെ പോകുകയും കരയിലെത്തുമ്പോൾ വിമാനം പോലെ പറന്നുപൊങ്ങുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിന് ആഭ്യന്തര യാത്ര അതിവേഗം ഒരുക്കാൻ ഇതിനാകും. കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'ഉഡാൻ" പദ്ധതിക്കു കീഴിലാണ് സീപ്ളെയിൻ സർവീസ് കേരളത്തിൽ തുടങ്ങുന്നത്. കാനഡയിൽ നിന്നുള്ള 'ഡി ഹാവിലാൻഡ്" എന്ന, 17 സീറ്റുള്ള ചെറുവിമാനം കൊച്ചി ബോൾഗാട്ടി പാലസിനു സമീപം കായലിൽ നിന്നുയർന്ന് മൂന്നാർ മാട്ടുപ്പെട്ടി ഡാമിലേക്കു നടത്തിയ പരീക്ഷണ പറക്കൽ വിജയകരമായിരുന്നു. വിദേശ രാജ്യങ്ങളിൽ വർഷങ്ങളായി ടൂറിസ്റ്റുകളും മറ്റും ഉപയോഗിക്കുന്നതാണ് സീപ്ളെയിൻ. ആധുനിക ശാസ്ത്രത്തിന്റെ ഒരു സംഭാവനയാണിത്.
കാര്യമറിയാതെയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും അതിനെ എതിർക്കുന്നത് ഭാവിയിൽ ഉരുത്തിരിയാൻ പോകുന്ന കേരളത്തിന്റെ വൻവികസനങ്ങൾക്ക് തുരങ്കം വയ്ക്കുന്നതിന് സമമാണ്. പകൽ മാത്രമാണ് ഇതിന്റെ സർവീസ് നടത്തുന്നത്. കായലുകളിൽ പകൽ മത്സ്യബന്ധനം വളരെ കുറവാണ്. രാത്രിയിലാണ് മീൻപിടിത്തം കൂടുതലും നടക്കുന്നത്. അതിനാൽ സീപ്ളെയിൻ മത്സ്യബന്ധനത്തെ ബാധിക്കുമെന്നു പറയുന്നത് വസ്തുനിഷ്ഠമല്ല.
2013-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു സീപ്ളെയിൻ സർവീസ് ഉദ്ഘാടനം ചെയ്തതാണ്. എന്നാൽ സി.പി.എസിൽ നിന്നും മത്സ്യബന്ധന മേഖലയിൽ നിന്നും മറ്റുമുള്ള കടുത്ത എതിർപ്പുകാരണം പദ്ധതി നടക്കാതെ പോയി. ഇവരുടെ എതിർപ്പിനേക്കാൾ പദ്ധതിക്ക് തടസം നിന്നത് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം. സാധാരണ വിമാനങ്ങൾക്കുള്ള എല്ലാ ചട്ടങ്ങളും സീപ്ളെയിനും പാലിക്കണമെന്ന നിബന്ധനയാണ് ഈ പദ്ധതി പൊളിച്ചത്.
സീപ്ളെയിൻ സംബന്ധിച്ച പ്രത്യേക ചട്ടങ്ങൾ വർഷങ്ങൾ കഴിഞ്ഞാണ് ഡി.ജി.സി.എ രൂപീകരിച്ചത്. ഡി.ജി.സി.എ മുഖം തിരിച്ചതോടെയാണ് ആദ്യ ജലവിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ കിടപ്പായത്. ബാങ്ക് വായ്പയും പാർക്കിംഗ് ഫീസും കുടിശ്ശികയായതോടെ വിമാനം ജപ്തി ചെയ്യപ്പെട്ടു. സീബേർസ് കമ്പനി പ്രൊമോട്ടർമാർക്ക് അതിന്റെ കടം ഇനിയും തീർന്നിട്ടില്ല. കേന്ദ്രസർക്കാർ സീപ്ളെയിൻ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന നയമെടുക്കുകയും നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഡി.ജി.സി.എയും നിലപാട് മാറ്റിയത്. യഥാർത്ഥത്തിൽ 11 വർഷം പദ്ധതി വൈകിപ്പിക്കുകയും പുതിയ സംരംഭം തുടങ്ങാനെത്തിയ നിക്ഷേപകനെ കടക്കാരനാക്കുകയും ചെയ്തതിന്റെ മുഖ്യ ഉത്തരവാദിത്വം സർക്കാർ ശമ്പളം പറ്റുന്ന ഡി.ജി.സി.എയിലെ ഉദ്യോഗസ്ഥന്മാർക്കു തന്നെയാണ്. കേരളത്തിലെ ഉയർന്ന ചില ബ്യൂറോക്രാറ്റുകൾക്കും പദ്ധതിയോട് താത്പര്യമില്ലായിരുന്നു.
രണ്ടാം വരവിൽ സീപ്ളെയിൻ പദ്ധതി വിജയം വരിച്ചാൽ കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് സർവീസ് നടത്താനാകും. ലക്ഷദ്വീപിലേക്കും സർവീസ് നടത്താം. കോവളം, അഷ്ടമുടി, കുമരകം, മൂന്നാർ, പുന്നമട, മലമ്പുഴ ഡാം, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാട്ടർ ഡോമുകൾ സ്ഥാപിച്ച് സർവീസ് നടത്താനാകുമെന്നാണ് സാദ്ധ്യതാ സർവേയിൽ പറയുന്നത്.
വികസന കാര്യങ്ങളിൽ രാഷ്ട്രീയ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്ന നഷ്ടം അത്യന്തികമായി സഹിക്കേണ്ടിവരുന്നത് സംസ്ഥാനം തന്നെയാണ്. പദ്ധതിയിൽ ആശങ്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുമായി ചർച്ച നടത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണം. എല്ലാ കാര്യങ്ങളെയും എല്ലാ കാലത്തും എതിർക്കാനാവില്ല എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് ഈ പദ്ധതി ഇവിടെ ചുവടുറപ്പിച്ചേക്കുമെന്ന് പ്രതീക്ഷ നൽകുന്നതാണ്. പുതിയ കാലത്തിന്റെ സാദ്ധ്യതകൾ തള്ളിക്കളയുകയല്ല, പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |