ഡോ. ആശാലത രാധാകൃഷ്ണൻ
എപ്പിലെപ്സി സെന്റർ മേധാവി
ശ്രീചിത്ര, തിരുവനന്തപുരം
അപസ്മാരം മാറാരോഗമല്ല. അതുണ്ടാകുന്ന സെക്കൻഡുകൾ ഒഴിച്ചാൽ ആ വ്യക്തിക്ക് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നുമില്ല. എന്നിട്ടും അതിനെ തീരാവ്യാധിയായി കാണുന്നവരാണ് അധികം. അപസ്മമാരം വരുന്നവരെ അകറ്റിനിറുത്തുന്ന സാഹചര്യങ്ങളുമുണ്ട്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സിച്ചാൽ ചുരുങ്ങിയ കാലയളവിൽ ഭൂരിഭാഗം അപസ്മാരങ്ങളും ഭേദമാകും. ഇവർക്ക് സാധാരണ ജീവിതം നയിക്കുന്നതിന് ഒരു തടസവുമില്ല. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ അപസ്മാര ചികിത്സാ കേന്ദ്രമാണ് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ആർ. മാധവൻ നായർ സെന്റർ ഫോർ കോംപ്രിഹെൻസീവ് എപ്പിലെപ്സി കെയർ. ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ന്യൂറോളജി വകുപ്പ് മേധാവി പ്രൊഫ. ഡോ. ആശാലത രാധാകൃഷ്ണൻ പറയുന്നു.
? അപസ്മാരം വരുമ്പോൾ താക്കോൽ കൈയിൽ കൊടുക്കുന്നത് കാണാമല്ലോ.
ഇതൊരു അബദ്ധ ധാരണയാണ്. ചിലർ രോഗിക്ക് ഉള്ളി മണപ്പിക്കാൻ കൊടുക്കും. താക്കോൽ പിടിക്കാൻ കൊടുത്തില്ലെങ്കിലും ഉള്ളി മണപ്പിച്ചില്ലെങ്കിലും ഒന്നോ രണ്ടോ മിനിട്ടിനുള്ളിൽ സ്വാഭാവികമായി അത് മാറും. അപസ്മാരം പ്രേതബാധയാണെന്നും മറ്റുമുള്ള ധാരണ പലയിടങ്ങളിലുമുണ്ട്. രോഗം മാറ്റാൻ മന്ത്രവാദവും ആഭിചാരക്രിയകളുമൊക്കെ നടക്കുന്നതായും വാർത്തകൾ വരുന്നുണ്ട്. അതിന്റെ പേരിൽ രോഗിയെ ശാരീരികമായി ഉപദ്രവിക്കാറുമുണ്ട്. ഉത്തരേന്ത്യയിൽ അപസ്മാര രോഗികൾക്ക് പഴയകിയ ചെരുപ്പ് മണപ്പിക്കാൻ നൽകുമത്രേ. ഇതെല്ലാം അന്ധവിശ്വാസങ്ങളാണ്.
? ഏതു പ്രായക്കാരിലാണ് അപസ്മാരം സാധാരണം.
കുട്ടികളിലും വൃദ്ധരിലുമാണ് കൂടുതൽ. ഇടയ്ക്കുള്ള പ്രായക്കാരിലും ഉണ്ടെങ്കിലും ഈ രണ്ട് വിഭാഗക്കാരിലാണ് അധികം. തലച്ചോറിലെ ചില വൈദ്യുതിതരംഗ പ്രതിഭാസങ്ങൾ, ചില കോശങ്ങളുടെ അനിയന്ത്രിതമായ പ്രവർത്തനം, വാഹനാപകടങ്ങൾ, അണുബാധ തുടങ്ങി അപസ്മാരത്തിന് പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും ഇന്ത്യയിൽ അണുബാധയാണ് പ്രധാന കാരണം. ക്ഷയം, അമീബിക് മസ്തിഷ്ക ജ്വരം എന്നിവയെല്ലാം ഇതിന് വഴിയൊക്കും. ഇത് രോഗത്തിനൊപ്പം ഉണ്ടാകുന്ന അപസ്മാരമാണ്. രോഗം ഭേദമാകുമ്പോൾ അപസ്മാരവും ഭേദമാകും. എന്നാൽ ചിലരിൽ പ്രത്യേക കാരണങ്ങളില്ലാതെ ഇടയ്ക്കിടെ അപസ്മാരം വന്നുപോകുന്നതിന് കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.
? കുട്ടികളിലും പ്രായമായവരിലും ഇത് കാണപ്പെടുന്നത് എങ്ങനെയാണ്.
ഒന്നിലധികം തവണ ജന്നിയോ ചുഴലിയോ വന്നാലാണ് പൊതുവെ അപസ്മാരം എന്നു പറയുന്നത്. കുഞ്ഞുങ്ങളിൽ സാധാരണയായി കാണുന്നത് 'അഭാവസന്നി" എന്ന അവസ്ഥയാണ്. കുറച്ചു നിമിഷങ്ങളോ, ഒന്നോ രണ്ടോ മിനിറ്റോ നേരം അവർ ചലനമില്ലാതെ തുറിച്ചുനോക്കി ഇരിക്കുന്നതായി കാണാം. ക്ലാസ് മുറികളിൽ ഈ സമയത്ത് ഇവർ പഠനത്തിൽ ശ്രദ്ധക്കുറവ് കാണിക്കുകയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് പതിവാണ്.
ചികിത്സ തുടങ്ങുന്നതോടെ ഇത് പൂർണ നിയന്ത്രണത്തിലാകും. കുറച്ചുകാലത്തിനു ശേഷം മരുന്നും പൂർണമായി നിറുത്താം. എന്നാൽ, ബുദ്ധിമാന്ദ്യം, ഓട്ടിസം, ജനിതക വൈകല്യങ്ങൾ, തലച്ചോറിലെ ചില മുഴകൾ എന്നിവ കാരണം ഉണ്ടാകുന്ന ജന്നി എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാൻ പറ്റിയെന്നു വരില്ല. മുതിർന്നവരിൽ പക്ഷാഘാതം, മേധാക്ഷയം, ലവണങ്ങളുടെ ഏറ്റക്കുറച്ചിൽ, ട്യൂമറുകൾ, വൃക്ക ക്ഷയിക്കൽ തുടങ്ങി പല കാരണംകൊണ്ടാണ് അപസ്മാരം വരുന്നത്. ഇവിടെ അത് രോഗത്തിന്റെ പാർശ്വഫലം മാത്രമാണ്.
? മറ്റു പ്രായക്കാരിൽ...
ടെമ്പറൽ ലോബ് എപ്പിലെപ്സി, ഫ്രോണ്ടൽ ലോബ് എപ്പിലെപ്സി എന്നിങ്ങനെ പ്രത്യേകതരം അപസ്മാരങ്ങൾ ഇക്കൂട്ടരിൽ കാണാറുണ്ട്. മിക്കവരിലും ജന്നിയുടെ തുടക്കത്തിൽത്തന്നെ ചില സൂചനകൾ ലഭിക്കും. ഭയം വരിക, വയറ്റിൽ ഒരു ആളൽ അനുഭവപ്പെടുക, പണ്ടത്തെ സംഭവങ്ങൾ മിന്നായം പോലെ മനസിലൂടെ കടന്നുപോവുക, ചില മണങ്ങൾ അനുഭവപ്പെടുക... ഇതെല്ലാം ചേർന്നാണ് 'ഓറ" എന്ന് പറയപ്പെടുന്നത്. ഇതിനുശേഷം അവർക്ക് പിന്നീട് ചെയ്യുന്ന പ്രവൃത്തികൾ ഓർമ്മയുണ്ടാകില്ല.
തുറിച്ചു നോക്കുക, ചവയ്ക്കുക, കൈകൾ കൊണ്ട് അവിടെയും ഇവിടെയും ആവശ്യമില്ലാതെ പിടിക്കുക, ഗതി മാറി നടക്കുക, പിച്ചുംപേയും പറയുക എന്നിവയാണ് ഇവയിൽ ചിലത്. ഒരു ചെറിയ ശതമാനത്തിൽ വലിയ രീതിയിലുള്ള- അതായത് കൈകാലുകളിട്ട് അടിക്കുക, വായിൽ നിന്ന് നുരയും പതയും വരിക, നാവു കടിക്കുക, നിലത്തേക്കു വീഴുക എന്നിവ സംഭവിക്കാം.
? ഭയക്കേണ്ടതില്ലേ.
അപസ്മാരം വന്നാൽ അതു സംഭവിക്കുന്ന കുറച്ചു സെക്കൻഡുകൾ മാത്രമാണ് പ്രശ്നം. നാവു കടിക്കുയോ വീഴുകയോ ചെയ്താൽ ഉണ്ടാകാവുന്ന പരിക്കുകൾ മാത്രമാണ് അപകടം. അല്ലാതെ അത് തലച്ചോറിനെ തകരാറിലാക്കുന്നില്ല. പക്ഷേ, രോഗം എപ്പോൾ വരുന്നു എന്നത് പ്രധാനമാണ്. റോഡ് മുറിച്ചുകടക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും വന്നാൽ ബുദ്ധിമുട്ടാകും. മിക്ക കേസുകളും മൂന്നു വർഷത്തെ ചികിത്സയോടെ ഭേദമാക്കാവുന്നതേയുള്ളൂ.
അപസ്മാരം പാരമ്പര്യമായി ഉണ്ടാകാറില്ല. ഗർഭാവസ്ഥയിൽ അപസ്മാരമുണ്ടായാൽപ്പോലും മറ്റു പ്രശ്നങ്ങളില്ല, അപസ്മാരമുള്ള സ്ത്രീകൾക്ക് വിവാഹം കഴിക്കുന്നതിനോ, ഗർഭം ധരിക്കുന്നതിനോ കുഴപ്പമില്ല. ക്രമമായി മരുന്നുകൾ കഴിക്കുകയും ഒരു ന്യൂറോളജിസ്റ്റിന്റെയും ഗൈനക്കോളജിസ്റ്റിന്റെയും കൃത്യമായ പരിചരണത്തിലും പ്രത്യേക സംരക്ഷണയിലും കഴിയുകയും ചെയ്താൽ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാനും മുലയൂട്ടാനും തടസമില്ല.
? മരുന്ന് മാത്രമാണോ ചികിത്സ
മരുന്നാണ് പൊതുവായ ചികിത്സ. ഇപ്പോൾ ശസ്ത്രക്രിയയുമുണ്ട്. രണ്ടോ മൂന്നോ വർഷം മരുന്നു കഴിച്ചാലും ഭേദമാകാത്ത അപസ്മാരങ്ങൾക്കാണ് ശസ്ത്രക്രിയ. ഇത്തരം രോഗികളെ വീഡിയോ ഇ.ഇ.ജി പരിശോധനയ്ക്ക് വിധേയമാക്കി, ഫിറ്റ്നസ് റെക്കാഡ് ചെയ്യും. തുടർന്ന്, തലച്ചോറിന് എന്തെങ്കിലും അസ്വാഭാവികതകൾ ഉണ്ടോ എന്ന് അറിയാൻ എം.ആർ.ഐ ചെയ്യും. അത്തരം അസ്വാഭാവികത കണ്ടെത്തുന്നെങ്കിൽ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ചെറിയ ശസ്ത്രക്രിയ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |