കണ്ണൂർ: രണ്ടാം പിണറായി സർക്കാർ ദുർബലം. പാലക്കാട്ടെ സ്ഥാനാർത്ഥി സരിൻ പാർട്ടിക്ക് വയ്യാവേലിയാകും... കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ പേരിൽ ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസം കത്തിപ്പടർന്ന വിവാദം സി.പി.എമ്മിന് കടുത്ത ഷോക്കായി. അപ്രതീക്ഷിതമായി കിട്ടിയ ആയുധം യു.ഡി.എഫിന് അനുഗ്രഹവും.
'കട്ടൻചായയും പരിപ്പ് വടയും - ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം" എന്ന ഇ.പിയുടെ ആത്മകഥയുടെ ഉള്ളടക്കമെന്ന രീതിയിലാണ് ഇംഗ്ളീഷ് മാദ്ധ്യമത്തിൽ ഇന്നലെ വാർത്ത വന്നത്. ഇ.പി ഇതു നിഷേധിച്ചതോടെ ഇന്നലെ നടക്കാനിരുന്ന പുസ്തക പ്രസിദ്ധീകരണം ഡി.സി ബുക്സ് മാറ്റിവച്ചു. അത് തന്റെ ആത്മകഥയല്ലെന്നും പുസ്തക രചന പൂർത്തിയായിട്ടില്ലെന്നും ഇ.പി പ്രതിരോധിക്കാൻ നോക്കിയെങ്കിലും തിരഞ്ഞെടുപ്പ് ദിനത്തിലേറ്റ പ്രഹരം പോളിംഗിനെ എങ്ങനെ ബാധിച്ചെന്ന പാർട്ടിയുടെ ആശങ്ക ബാക്കി.
തിരഞ്ഞെടുപ്പ് നാളിൽ ഇ.പി ബോംബ് ഇതാദ്യമല്ല. ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലാണ് പ്രകാശ് ജാവദേക്കറുമായുള്ള തന്റെ കൂടിക്കാഴ്ചയുടെ വിവരം ഇ.പി പുറത്തുവിട്ടത്. ഇ.പി ബി.ജെ.പിയിലേക്കെന്ന തരത്തിലായി അന്നത്തെ സംസാരം. ജാവദേക്കറുമായി സ്വന്തം ഫ്ളാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി സമ്മതിച്ചതോട വിവാദം കൊടുമ്പിരികൊണ്ടു.
ബി.ജെ.പി നേതാവിന്റെ വരവ് വ്യക്തിപരമെന്ന് കേന്ദ്ര കമ്മിറ്റിയിൽ ഇ.പി വിശദീകരിച്ചിരുന്നു. ഇതിലടക്കം പാർട്ടി തന്നെ മനസ്സിലാക്കാതെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയെന്ന് തുറന്നടിക്കുകയാണ് പുസ്തകത്തിൽ.
ജാവദേക്കർ കൂടിക്കാഴ്ചവരെയള്ള അനുഭവങ്ങൾ ഇ.പി നേരത്തേ എഴുതി പൂർത്തിയാക്കിയിരുന്നു. സീതാറാം യെച്ചൂരിയുടെ മരണം, ഉപതിരഞ്ഞെടുപ്പുകൾ എന്നിവ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം പുസ്തകത്തിലുണ്ടെന്നാണ് ഡി.സി ബുക്സ് അവകാശപ്പെടുന്നത്.
ഏറെ നാളായി പാർട്ടിയോടു നിസ്സഹകരണത്തിലാണ് ഇ.പി. കൺവീനർ സ്ഥാനം പോയ ശേഷം അകൽച്ച കൂടുകയും ചെയ്തു.
പുസ്തകത്തിലെ വെടി
1 ദുർബലമായ സർക്കാരിൽ തിരുത്തലുകൾ വേണം
2 കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയത് പാർട്ടി തന്നെ കേൾക്കാതെ
3 വലിഞ്ഞുകറിയ പി.സരിൻ വയ്യാവേലിയാകുമെന്നതിന് അൻവർ ഉദാഹരണം
4 ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് വലിയ വീഴ്ച
5 സാന്റിയാഗോ മാർട്ടിനുമായി ചർച്ച നടത്തിയത് പാർട്ടി മുഖപത്രത്തിന്റെ മാർക്കറ്റിംഗ് മേധാവി വേണുഗോപാൽ
പാർട്ടി പരിശോധിക്കും
ഇനി പാർട്ടി പരിശോധനയ്ക്ക് ശേഷമേ പുസ്തകം പുറത്തിറക്കാൻ അനുമതി നൽകൂ എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകുന്ന സൂചന.
ഡി.ജി.പിക്ക് പരാതി നൽകി
ഗൂഢാലോചലയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇ.പി. ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. ഡി.സി ബുക്ക്സിന് വക്കീൽ നോട്ടീസുമയച്ചു
സരിന് വേണ്ടി ഇ.പി ഇന്നിറങ്ങും
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പി. സരിന് വേണ്ടി ഇന്ന് പ്രചാരണത്തിനിറങ്ങാൻ ഇ.പിക്ക് പാർട്ടി നിർദ്ദേശം. വൈകിട്ട് 5ന് പൊതുയോഗത്തിൽ സംസാരിക്കും
ആ പുസ്തകം ഞാനെഴുതിയതല്ല. ആരെങ്കിലും ആത്മകഥയ്ക്ക് പരിപ്പുവടയും കട്ടൻചായയുമെന്ന് പേരിടുമോ?. നിയമ നടപടി സ്വീകരിക്കും
- ഇ.പി. ജയരാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |