കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് ശേഷം മൂക്കുകുത്തിയ ഇന്ത്യൻ വിപണിക്ക് ഉണർവ് പകർന്ന് നാല് കമ്പനികളുടെ പ്രാരംഭ ഓഹരി വില്പന(ഐ.പി.ഒ) ഈ വാരം നടക്കും. ഒരു മാസത്തിനിടെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകളായ സെൻസെക്‌സ്, നിഫ്‌റ്റി എന്നിവ പത്ത് ശതമാനത്തിനടുത്ത് തകർച്ച നേരിട്ടിരുന്നു. മെയിൻ ബോർഡിൽ രണ്ടും ചെറുകിട, ഇടത്തരം മേഖലയിൽ രണ്ടും കമ്പനികളാണ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്.
എൻ.ടി.പി.സിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ എൻ.ടി.പി.സി ഗ്രീൻ എനർജി, എൻവിറോ ഇൻഫ്രാ എൻജിനീയേഴ്‌സ്, ലമോസെയ്‌ക്, സി2സി അഡ്‌വാൻസ്‌ഡ് സിസ്‌റ്റംസ് എന്നിവയാണ് ഓഹരി വില്‌പനയ്ക്ക് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം ഐ.പി.ഒ നടന്ന ബാംഗ്ളൂരിലെ സിംഗ ലോജിസ്‌റ്റിക്‌സ് സിസ്റ്റത്തിന്റെ ഓഹരികൾ നവംബർ 22ന് വിപണിയിൽ ലിസ്‌റ്റ് ചെയ്യും.
പ്രധാന ഓഹരി വില്പനകൾ
എൻ.ടി.പി.സി ഗ്രീൻ എനർജി
എൻ.ടി.പി.സി ഗ്രീൻ എനർജിയുടെ 92.5 കോടി ഓഹരികൾ വിറ്റഴിച്ച് വിപണിയിൽ നിന്ന് 10,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. നാളെ ആരംഭിക്കുന്ന ഓഹരി വില്പന നവംബർ 21ന് അവസാനിക്കും. ഓഹരി ഒന്നിന് 102 രൂപ മുതൽ 108 രൂപ വരെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
എൻവിറോ ഇൻഫ്രാ എൻജിനീയേഴ്സ്
സീവേജ് ട്രീറ്റ്‌മെന്റ് പ്ളാന്റുകൾക്കും സീവേജ് സിസ്‌റ്റംസിലും വലിയ പദ്ധതികൾ നടപ്പാക്കുന്ന എൻവിറോ ഇൻഫ്രാ എൻജിനീയേഴ്‌സിന്റെ പ്രാരംഭ ഓഹരി വില്പന നവംബർ 22ന് ആരംഭിക്കും. കമ്പനിയിലെ 4.3 കോടിയിലധികം ഓഹരികൾ വിറ്റഴിച്ച് വികസനത്തിന് പണം കണ്ടെത്താനാണ് ശ്രമം. ഓഹരി വില സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
ലമോസെയ്‌ക് ഇന്ത്യ
ഫ്ളഷ് ഡോറുകൾ, അക്രിലിക് ഷീറ്റുകൾ തുടങ്ങിയവയുടെ വില്പന രംഗത്തുള്ള ലമോസെയ്‌ക് വിപണിയിൽ നിന്ന് 61 കോടി രൂപയാണ് സമാഹരിക്കുന്നത്. നവംബർ 21 മുതൽ 26 വരെയാണ് ഓഹരി വില്‌പന. ഓഹരിയൊന്നിന് 200 രൂപയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |