ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് 10 കിലോമീറ്റർ മാത്രമകലെ പൂവാറിൽ കപ്പൽ നിർമ്മാണശാല അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടും. ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്യും. വകുപ്പുതലത്തിലും ആലോചിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ കേരളകൗമുദിയോട് പറഞ്ഞു.
രാജ്യാന്തര കപ്പൽച്ചാലിന് പത്ത് നോട്ടിക്കൽമൈൽ അടുത്താണ് പൂവാർ. കേന്ദ്രം കനിഞ്ഞാൽ കൊച്ചിക്ക് പുറമെ രണ്ടാം കപ്പൽശാല വരും. കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളിൽ കപ്പൽ നിർമ്മാണ- അറ്റകുറ്റപ്പണി കേന്ദ്രങ്ങളുടെ ക്ലസ്റ്റർ സ്ഥാപിക്കുമെന്ന് സെപ്തംബറിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നീക്കം. കപ്പൽശാല വന്നാൽ 15,000 തൊഴിലവസരങ്ങളുണ്ടാവും.
20,000 കണ്ടെയ്നറുകൾ വഹിക്കാനാവുന്ന കൂറ്റൻ കപ്പലുകൾ നിർമ്മിക്കാൻ വരെ അനുയോജ്യമാണ് പൂവാറിലെ ഭൂപ്രകൃതി. തീരത്തുനിന്ന് അരക്കിലോമീറ്റർ ദൂരം വരെ 13മീറ്റർ സ്വാഭാവിക ആഴം. അരക്കിലോമീറ്ററിനപ്പുറം 30 മീറ്റർവരെ ആഴമുണ്ട്.
പൂവാർ കപ്പൽശാലയ്ക്ക് അനുയോജ്യമാണെന്ന് 2007ൽ കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നതാണ്. അന്താരാഷ്ട്ര കപ്പൽച്ചാൽ അടുത്തായതിനാലും ആവശ്യത്തിന് ആഴം തീരത്തോട് ചേർന്നുള്ളതിനാലും പൂവാർ കപ്പൽശാലയ്ക്ക് അനുയോജ്യമാണെന്നായിരുന്നു കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പഠനറിപ്പോർട്ട്. മറ്റു തടസ്സങ്ങളില്ലാത്ത, ഒന്നരക്കിലോമീറ്റർ നീണ്ടതീരമുള്ള നൂറേക്കർ ഇവിടെ ലഭ്യമാണ്. എന്നാൽ വിഴിഞ്ഞം യാഥാർത്ഥ്യമായശേഷം കപ്പൽ നിർമ്മാണശാലയുമായി മുന്നോട്ടുപോകാമെന്നായിരുന്നു സർക്കാർ തീരുമാനം.
കപ്പൽശാല വന്നാൽ നികുതിയിനത്തിലടക്കം സർക്കാരിന് നേട്ടമുണ്ടാവും. അനുബന്ധ വ്യവസായങ്ങൾക്കും മെച്ചം
- മന്ത്രി വി.എൻ.വാസവൻ
അനുകൂലഘടകങ്ങൾ
മൂന്നരമീറ്റർ വരെയുള്ള തിരമാലകളേയുള്ളൂ, പുലിമുട്ട് ചെറുതുമതി
ദേശീയപാതയുമായും റെയിൽവേ ലൈനുമായും അടുത്ത പ്രദേശം
വലിയ ജനവാസമില്ലാത്ത മേഖലയുണ്ട്, 200 ഏക്കർ സർക്കാർ ഭൂമിയുണ്ട്
വിഴിഞ്ഞത്തെത്തുന്ന കപ്പലുകൾക്ക് അറ്റകുറ്റപ്പണിക്ക് ഏറ്റവും സൗകര്യവും
വർഷാവർഷം മണ്ണുനീക്കി ആഴംകൂട്ടേണ്ട, കോടികളുടെ ലാഭം
₹2000കോടി
ഒരു ചരക്കുകപ്പൽ നിർമ്മാണത്തിനുള്ള ചെലവ്
₹1143കോടി
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഇക്കൊല്ലത്തെ വരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |