നടി കീർത്തി സുരേഷിനെതിരെ വിദ്വേഷ പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദ്വേഷ പ്രചാരണം കടുത്തത്. സഹപാഠിയായ ആന്റണി തട്ടിലുമായാണ് കീർത്തിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ആന്റണിയുടെ മതമാണ് വിദ്വേഷ പ്രചാരണത്തിന് പ്രധാന കാരണം.
'ഇത് ദക്ഷിണേന്ത്യയിലെ അടുത്ത ലൗ ജിഹാദ്, ഹിന്ദുക്കളായ യുവാക്കൾ ബീഫ് കഴിക്കുന്ന തിരക്കിലാണ്. ഹിന്ദുക്കളായ പെൺകുട്ടികളെ വിദേശികളായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും എടുക്കുകയാണ്' എന്നിങ്ങനെ പോകുന്നു വിദ്വേഷ കമന്റുകൾ. കീർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്ന ചിത്രങ്ങൾക്ക് താഴെയാണ് ഇത്തരം കമന്റുകൾ വരുന്നത്. അബുദാബിയിലെ ഒരു മസ്ജിദിനുമുന്നിൽ നിൽക്കുന്ന ചിത്രം അടുത്തിടെ കീർത്തി പോസ്റ്റുചെയ്തിരുന്നു. ഇതിനുതാഴെയാണ് വിദ്വേഷ കമന്റുകൾ ഏറെയും സ്ഥാനം പിടിച്ചത്.
'നാടുനീളെ ലൗ ജിഹാദിനെ അപലപിച്ച് നടന്നവർ സ്വന്തം വീട്ടിലെ കാര്യം അറിഞ്ഞില്ലേ' എന്ന കമന്റും വരുന്നുണ്ട്. കീർത്തിയുടെ അമ്മയും നടിയുമായ മേനക നേരത്തേ വിവാദ സിനിമയായ കേരള സ്റ്റാേറിയെ അനുകൂലിച്ച് മാദ്ധ്യമങ്ങൾക്കുമുന്നിൽ എത്തിയിരുന്നു. ഇത് ഓർമ്മപ്പെടുത്തിയാണ് ഈ കമന്റ്.
കഴിഞ്ഞദിവസമാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് നടി കീർത്തി സുരേഷിന്റെ വിവാഹ വാർത്ത പുറത്തുവന്നത്. 32കാരിയായ കീർത്തിയുടെ പ്രണയം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
പ്രൊഫഷൻ കൊണ്ട് എഞ്ചിനീയറായ ആന്റണി മുമ്പ് ഖത്തറിൽ ജോലി ചെയ്‌തിരുന്നു. ഇപ്പോൾ ദുബായിലും ജന്മനാടായ കൊച്ചിയിലും ആന്റണിക്ക് ബിസിനസുണ്ട്. കൊച്ചിയിലും കീർത്തിയുടെ ജന്മനാടായ ചെന്നൈയിലുമുള്ള പ്രമുഖ റിസോർട്ട് ശൃംഖലയും ആന്റണിയുടേതാണ്. കൊച്ചി ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസിന്റെയും ഉടമയാണ് ആന്റണി. അതി സമ്പന്നനായ ബിസിനസുകാരനാണെങ്കിൽ കൂടി സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
കീർത്തിയും ആന്റണിയും ഏകദേശം 15 വർഷമായി പ്രണയത്തിലാണ്. കീർത്തി ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ ആന്റണി അതേ സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. ഇത്രയും വർഷത്തെ പ്രണയത്തിനിടയിൽ ഒരിക്കൽ പോലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിട്ടില്ല. മാത്രമല്ല, ഒരുമിച്ച് ഒരു പരിപാടികളിലും എത്തിയിട്ടുമില്ല. കീർത്തി തന്റെ പ്രണയത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പോലും വെളിപ്പെടുത്തിയിരുന്നില്ല.
മുമ്പ് കീർത്തിയും പ്രമുഖ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാകും എന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതെല്ലാം നിഷേധിച്ച് കീർത്തിയുടെ പിതാവ് ജി സുരേഷ് കുമാറും രംഗത്തെത്തി. അവർ നല്ല സുഹൃത്തുക്കളാണ്, അല്ലാതെ യാതൊരു ബന്ധവും ഇല്ലെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |