തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടക്കാതെ അന്തസായി രാജി വെച്ചു പോവുകയാണ് മന്ത്രി സജി ചെറിയാൻ ചെയ്യേണ്ടതെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഭരണഘടനയെ നിന്ദിച്ചതായി പ്രഥമദൃഷ്ട്യാ ഹൈക്കോടതി വിലയിരുത്തിയ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്തു തുടരാൻ ധാർമ്മികമായി സജി ചെറിയാന് കഴിയില്ല.
തൊട്ടുവന്ദിച്ച് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ അതേ ഭരണഘടനയെ ആണ് സജി ചെറിയാൻ നിന്ദിച്ചത്. ഇത് വിവാദമായപ്പോൾ ഒരു വട്ടം രാജിവെച്ചു പോയിട്ടും പൊലീസിനെ സ്വാധീനിച്ച് ക്ളീൻ ചിറ്റ് വാങ്ങി തിരികെ വന്നു. പുതിയ ഹൈക്കോടതി വിധിയോടെ വീണ്ടും അന്ന് രാജി വെക്കുന്നതിനു മുമ്പത്തെ നിലയിലേക്കു സജി ചെറിയാൻ തിരിച്ചു വന്നിരിക്കുന്നു. പൊലീസ് നൽകിയ ക്ളീൻ ചിറ്റ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. 1972 ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഓണർ ആക്ട് അനുസരിച്ച് മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാൻ ചെയ്തിരിക്കുന്നത്.
ക്രിമിനൽ കുറ്റം ചെയ്തു എന്നു ഹൈക്കോടതി നിരീക്ഷിച്ച ഒരാളാണ് ഇപ്പോൾ മന്ത്രിസ്ഥാനത്തു തുടരുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമ്പോൾ മന്ത്രിസ്ഥാനത്ത് സജി ചെറിയാൻ തുടർന്നാൽ അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയും എന്നത് വ്യക്തമാണ്. ഇത് ജുഡീഷ്യറിയോടും കേരളത്തിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.
സജി ചെറിയാൻ രാജി വെക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. സജി ചെറിയാനെ ന്യായീകരിച്ച് മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. സജി ചെറിയാൻ അന്വേഷണത്തെ നേരിട്ട് നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തട്ടെ. അതാണ് ജനാധിപത്യ മര്യാദ ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |