കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹായമനുവദിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പുനരധിവാസ-പുനരുദ്ധാരണ പദ്ധതികൾക്ക് 2219.033 കോടി രൂപ കണക്കാക്കിയാണ് സംസ്ഥാനം റിപ്പോർട്ട് നൽകിയത്. മാനദണ്ഡം പാലിച്ച് സഹായം നൽകും.
ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപ നൽകാൻ നവംബർ 16ന് ചേർന്ന ഉന്നതതല സമിതിയോഗം അനുമതി നൽകി. താത്കാലിക പുനരധിവാസത്തിന് 214.68 കോടിയുടെ അധികസഹായം ആവശ്യപ്പെട്ട് സംസ്ഥാനം അപേക്ഷ നൽകിയത് ആഗസ്റ്റ് 19നാണ്. ഒക്ടോബർ ഒന്നിന് ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി മുമ്പാകെ കേന്ദ്രസംഘം റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് 153.467 കോടി അനുവദിച്ചത്.
ആകാശമാർഗമുള്ള രക്ഷാദൗത്യം, ഭക്ഷണവിതരണം, പാറയുംമറ്റും നീക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ചതിന്റെ ചെലവ് എന്നിവയ്ക്കാണ് ഫണ്ട് നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണവിഭാഗം ഡയറക്ടർ ആഷിഷ് വി. ഗവായ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ.
ഹർത്താൽ മറ്റൊരു
ദുരന്തം: ഹൈക്കോടതി
സർക്കാരിനും പ്രതിപക്ഷത്തിനും വിമർശനം
കൊച്ചി: വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫും യു.ഡി.എഫും നടത്തിയ ഹർത്താൽ മറ്റൊരു ദുരന്തമെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി വെറുതെയിരിക്കുമെന്ന് കരുതരുതെന്ന് മുന്നറിയിപ്പും നൽകി. വയനാട് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് പരിഗണിച്ചത്.
ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് ദൈവത്തിനുപോലും അറിയാത്ത അവസ്ഥയാണ്. ഈ നാട്ടിലേക്ക് ഏതെങ്കിലും വിദേശസഞ്ചാരി എത്തുമോയെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ചോദിച്ചു. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമല്ലെന്ന നിലപാടിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ചയായിരുന്നു ഹർത്താൽ.
ജനവിരുദ്ധ നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവണം. മിന്നൽ ഹർത്താൽ നടത്തില്ലെന്ന പ്രതിപക്ഷത്തിന്റെ ഉറപ്പും പാഴായി. ഹർത്താലിന് 15 ദിവസം മുൻപ് നോട്ടീസ് നൽകണം. ഇതെല്ലാം കണ്ടിട്ട് സഹതാപവും അദ്ഭുതവും തോന്നുന്നു.
പാവങ്ങളെ ജോലി ചെയ്ത്
ജീവിക്കാനും വിടില്ലേ?
(കോടതിയുടെ 5 ചോദ്യം)
1 ആളുകളെ ബുദ്ധിമുട്ടിക്കാമെന്നല്ലാതെ ഹർത്താൽകൊണ്ട് എന്താണ് നേട്ടം
2 ദുരന്തത്തിൽപ്പെട്ടവരെ ജോലിക്കുപോയി ജീവിക്കാനും അനുവദിക്കില്ലേ
3 ഭയത്തെയും നിസഹായതയേയും ചൂഷണം ചെയ്യുകയാണോ
4 കേന്ദ്രത്തിനെതിരെ ഹർത്താൽ നടത്തിയാൽ സഹായം കിട്ടുമോ
5 ജനങ്ങളോട് ഉത്തരവാദിത്വമുള്ളവർ ഹർത്താൽ നടത്തുമോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |