സുരേഷ് ഗോപിയുമൊത്ത് അധികം ചിത്രങ്ങൾ ചെയ‌്തിട്ടില്ലെങ്കിലും സത്യൻ അന്തിക്കാടിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ ശ്രീധരന്റെ ഒന്നാം തിരുമുറിവിൽ സുരേഷ് ശ്രദ്ധേയ വേഷം ചെയ‌്തിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ‌്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കേന്ദ്രകഥാപാത്രവും സുരേഷ് ഗോപിയായിരുന്നു. അടുത്തിടെ സത്യൻ അന്തിക്കാടിന്റെ വീട്ടിൽ സുരേഷ് ഗോപി എത്തിയിരുന്നു. കർഷകരുമായുള്ള ചർച്ചയ്‌ക്കാണ് സുരേഷ് എത്തിയത്.
സത്യൻ അന്തിക്കാടിന്റെ വീട്ടിലാകാം ചർച്ചയെന്ന് നിർദേശിച്ചത് സുരേഷ് ഗോപി തന്നെയാണ്. മന്ത്രിയെന്ന നിലയിൽ ചർച്ചയ്ക്ക് വീട് വേദിയാക്കിയത് സന്തോഷമുള്ള കാര്യമായിരുന്നുവെന്ന് സത്യൻ അന്തിക്കാടും പ്രതികരിച്ചു. തുടർന്ന് ചർച്ചയിലെ സുരേഷിന്റെ ഓരോ വാക്കും ശ്രദ്ധയോടെയാണ് അദ്ദേഹം കേട്ടിരുന്നത്.
''കേരളത്തിലെ എല്ലാ ജില്ലയിലും ഫാർമർ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്ന പേരിൽ ലേബൽ ഉണ്ടാകണമെന്ന് ചർച്ചയിൽ സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യയിൽ ആദ്യത്തെ ബനാന ഫെസ്‌റ്റ് നടത്തിയത് താനാണ്. മണ്ണിൽ പണിയെടുക്കുന്നവരുടെ സംഘം ചേരൽ ഇതിനകത്തുണ്ടാകണം. സിനിമയിൽ മോഹൻലാലിനോ സിദ്ദിഖിനോ ഒരു പ്രശ്നമുണ്ടായാൽ അവരുടെ കൃത്യത്തിലേക്കല്ല ഞങ്ങൾ ഇടപെടുന്നത്. സിനിമാ ഇൻഡസ്ട്രിയുടെ നീരൊഴുക്കും ചോരയൊഴുക്കും നേരെയാകണമെന്ന് പറഞ്ഞാണ് ചാടി വീഴുന്നത്. അതുപോലെ കാർഷിക മേഖലയിലെ ഒരു പ്രശ്നമുണ്ടാകുമ്പോൾ കർഷകരും ഇടപെടണം.
മണ്ണിന്റെ ഘടനയെ കുറിച്ച് അറിയണം. പണ്ടെക്കെ വിലുകൾ വച്ച് പിഴാമായിരുന്ന കള ഇന്ന് പിഴണമെങ്കിൽ അഞ്ചുപേരുടെ സഹായം വേണം. ഒരാൾ പൊക്കത്തിലാണ് അവ വളർന്നു നിൽക്കുന്നത്. ഇതു വന്നതുമുഴുവൻ റോഡ് സൃഷ്‌ടിക്ക് വേണ്ടി മല തുരന്ന് കൊണ്ടിട്ട മണ്ണിൽ നിന്നാണ്. നീർക്കോലിയും പുളവനും ചേരയുമുണ്ടായിരുന്ന പാടത്ത് ഇന്ന് മൂർഖനും അണലിയുമാണ് കാണുന്നത്. മലയിടിച്ചുവരുന്ന മണ്ണിൽ കൂടെ വരുന്നത് അവയുടെ മുട്ടകളാണ്''. -സുരേഷ് ഗോപിയുടെ വാക്കുകൾ.
തൃശൂർ മുതൽ കാസർകോട് വരെയുള്ള കർഷകരും ചെറുകിട കാർഷിക ഉത്പാദകരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വള ക്ഷാമവുമാണ് ചർച്ചയിൽ വിഷയമായി ഉയർന്നുവന്നത്. ഫാക്‌ട് പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |