തിരുവനന്തപുരം: അഴിമതി വ്യാപകമായ റവന്യുവകുപ്പിനെ ശുദ്ധീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് വിശദപഠനം നടത്തി നൽകിയ റിപ്പോർട്ട് വെളിച്ചം കണ്ടില്ല. 2022 ജൂണിൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവതരമാണ്. റവന്യുവകുപ്പ് റിപ്പോർട്ട് വിശദമായി പരിശോധിച്ച് സർക്കാരിന് കൈമാറിയെങ്കിലും പിന്നീട് അത് ആരും കണ്ടില്ല.
പഠനവിധേയമാക്കിയ 170 വില്ലേജ് ഓഫീസുകളിൽ 17 എണ്ണമാണ് അഴിമതിമുക്തമെന്ന് കണ്ടെത്തിയിരുന്നു. അതായത് പത്തു ശതമാനം മാത്രം. 11 ഓഫീസുകൾ (6.5%) അഴിമതിയിൽ വളരെ മുന്നിലും. ഈ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ജനസമ്പർക്കം കുറവുള്ള ഓഫീസുകളിലേക്ക് ഉടൻ മാറ്റാനും ആവശ്യമായ പരിശീലനം നൽകാനും നിർദ്ദേശിച്ചിരുന്നു.
132 ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനത്തിന്റെ അഭാവവും ചൂണ്ടിക്കാട്ടി. അഴിമതികളുടെ കാരണങ്ങൾ പ്രതിപാദിച്ച റിപ്പോർട്ടിൽ പരിഹാര നിർദ്ദേശങ്ങളുമുണ്ടായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രഹസ്യമായി വിവരങ്ങൾ ശേഖരിച്ച് 200 പേജുള്ള റിപ്പോർട്ടാണ് തയ്യാറാക്കിയത്. നല്ലൊരു ശതമാനം വില്ലേജ് ഓഫീസുകളുടെയും പരിധി വളരെ വലുതായതിനാൽ ജനങ്ങൾക്ക് സേവനം യഥാസമയം നൽകാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അത്തരം വില്ലേജുകളുടെ അധികാര പരിധി കുറയ്ക്കുകയോ,കൂടുതൽ ജീവനക്കാരെ അനുവദിക്കുകയോ വേണം.
നേരിട്ട് പണമടയ്ക്കുന്നതിന് പകരം ആധുനിക മാർഗങ്ങൾ അവലംബിക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന നിർദ്ദേശം. ഒരു ഓഫീസിൽ ഒരേ സെക്ഷനിൽ മൂന്ന് വർഷത്തിലധികമായി സേവനം തുടരുന്ന ജീവനക്കാരെ മറ്റു സെക്ഷനുകളിലേക്ക് മാറ്റണമെന്നും റിപ്പോർട്ടിലുണ്ട്. എല്ലാ ഓഫീസുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും പറഞ്ഞിരുന്നു.
അഴിമതിയിൽ മുങ്ങിയ
വില്ലേജ് ഓഫീസുകൾ
വെള്ളനാട് (തിരുവനന്തപുരം), ശാസ്താംകോട്ട (കൊല്ലം), രാജാക്കാട്(ഇടുക്കി), പുത്തൻചിറ (തൃശൂർ), മാത്തൂർ, മലമ്പുഴ(പാലക്കാട്), പൊന്നാനി നഗരം, പെരിന്തൽമണ്ണ( മലപ്പുറം), പഴവീട്, കലവൂർ (ആലപ്പുഴ), പുത്തൻവേലിക്കര(കോട്ടയം) വില്ലേജുകളിലാണ് റിപ്പോർട്ട് തയ്യാക്കുന്ന സമയത്ത് ഏറ്റവും വലിയ അഴിമതി കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |