നെടുമ്പാശേരി: ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് വഴിയരികിൽ നിർത്തി. ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ വിഷമിച്ചപ്പോൾ യാത്രക്കാരിലൊരാൾ ബസ് ഓടിച്ച് ഡ്രൈവറുടെ ജീവൻ രക്ഷിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദേശീയ പാതയിൽ കരിയാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം. ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന് മുണ്ടക്കയം - തൃശൂർ - എറണാകുളം- റൂട്ടിൽ ഓടുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയ് ആണ് കുഴഞ്ഞുവീണത്. അവശത അനുഭവപ്പെട്ടെങ്കിലും ഏറെ പ്രയാസപ്പെട്ട് ഡ്രൈവർ ബസ് റോഡരുകിലേക്ക് നീക്കി നിർത്തുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതിരുന്നതിനെ തുടർന്ന് ബസിലെ യാത്രക്കാരനായിരുന്ന ഹെവി ഡ്രൈവിംഗ് ലൈസൻസുള്ള യാത്രക്കാരൻ ബസ് ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് കണ്ടക്‌ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ബസ് ദേശം സി.എ ആശുപത്രിയിലേക്ക് വിട്ടത്.
ഡ്രൈവർക്ക് ഉയർന്ന രക്തസമ്മർദവും താഴ്ന്ന ഷുഗർ നിലയും കടുത്ത പനിയും ഉണ്ടായിരുന്നു. മുണ്ടക്കയത്ത് നിന്ന് തൃശുരിലെത്തി അവിടെ നിന്ന് എറണാകുളത്തേയ്ക്ക് പോകവേ ആയിരുന്നു ക്ഷീണം അനുഭവപ്പെട്ടത്.56 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |