തിരുവനന്തപുരം: നിലവിലെ ജനപ്രിയ ബ്രാന്‍ഡുകള്‍ പുതിയ പേരില്‍ കൂടിയ വിലയ്ക്ക് വിപണിയിലെത്തിച്ച് മദ്യക്കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു. മദ്യവില കൂട്ടണമെന്ന ആവശ്യം ബിവറേജസ് കോര്‍പ്പറേഷന്‍ നിരസിക്കുന്നത് മറികടക്കാനാണ് പുതിയ തന്ത്രം. പുതിയ പേരില്‍ ഇറക്കുമ്പോള്‍ അതിന്റെ രജിസ്‌ട്രേഷനും ലേബലിനും എക്‌സൈസിന് ഫീസ് ഒടുക്കണം. പക്ഷേ, പഴയ നിലവാരത്തിലുള്ള മദ്യം വിലകൂട്ടി നല്‍കുന്നതിലൂടെ മദ്യകമ്പനികള്‍ക്ക് ലഭിക്കുന്നത് വന്‍ലാഭമാണ്.
ഗുണനിലവാരം മെച്ചപ്പെടുത്തിയാണ് പുതിയവ ഇറക്കുന്നതെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ജനപ്രിയ ഇനമായ മാജിക് മൊമന്റ്‌സ് വോഡ്ക പ്‌ളെയിന്‍ ഗ്രേ ഫുള്‍ ബോട്ടിലിന് 1,120 രൂപയായിരുന്നു. ഇതിപ്പോള്‍ കാണാനില്ല. പകരം 'മാജിക് മൊമന്റ് വെര്‍ബ്' എന്നപേരില്‍ മറ്റൊന്ന് വിപണിയിലെത്തി. വില 1,420 രൂപ!
ഫുള്ളിന് 400 രൂപ വിലയുണ്ടായിരുന്ന കോണ്ടസ റം ഡാര്‍ക്കിന് പകരം കോണ്ടസ പ്രീമിയം ഇറക്കിയപ്പോള്‍ വില 450. എസ്.എന്‍.ജെ സാദാ റമ്മിന് 390 രൂപയായിരുന്നത് സിക്‌സര്‍ എന്ന് പേരുമാറ്റിയപ്പോള്‍ 400 ആയി. ഇത്തരത്തില്‍ ബിയറുകളും ഇറങ്ങുന്നുണ്ട്.
വിലകൂട്ടല്‍ തന്ത്രത്തിനു പിന്നില്‍
മദ്യ വിതരണത്തിന് ബെവ്‌കോ ക്ഷണിക്കുന്ന ടെന്‍ഡറില്‍ ഒരു ബ്രാന്‍ഡിന് ഒരു ലിറ്ററിന്റെ വില കമ്പനിക്ക് ക്വാട്ട് ചെയ്യാം. പിന്നീട് ഇതിന്റെ വില കമ്പനിക്ക് കൂട്ടാനാവില്ല. അതിനുള്ള അധികാരം ബെവ്‌കോയ്ക്കാണ്. ബഡ്ജറ്റില്‍ മദ്യത്തിന്റെ വില്പന നികുതി വര്‍ദ്ധിപ്പിച്ചാല്‍ അതിനനുസരിച്ച് വില കൂടുമെങ്കിലും അതിന്റെ ഗുണം കമ്പനിക്ക് ലഭിക്കില്ല. ഇത് മറികടക്കാനാണ് പുതിയ പേരില്‍ അതേ ബ്രാന്‍ഡ് മദ്യം എത്തിക്കുന്നത്. 2021ലാണ് ബെവ്‌കോ അവസാനമായി മദ്യവില കമ്പനികള്‍ക്ക് കൂട്ടി നല്‍കിയത്. ലിറ്ററിന് ഏഴ് രൂപ.
പുതിയ ബ്രാന്‍ഡ് രജിസ്‌ട്രേഷന് എക്‌സൈസില്‍ നല്‍കേണ്ടത് 50,000 രൂപ(പ്‌ളാസ്റ്റിക് ബോട്ടില്‍)
ഗ്‌ളാസ് ബോട്ടിലിന് ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസ് 25,000രൂപ
ലേബല്‍ രജിസ്‌ട്രേഷന് 25,000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |